തളിപ്പറമ്പ: വെള്ളാരം പാറയിലെ ജനവാസ കേന്ദ്രത്തിനു സമീപം കക്കൂസ് മാലിന്യം തളളാൻ വന്ന ടാങ്കർ ലോറി പിടിച്ചു. തലശ്ശേരിയിൽ നിന്ന് കക്കൂസ് മാലിന്യം കയറ്റി വെള്ളാരം പാറയിലെ ചെങ്കൽ ക്വാറിയിൽ നിക്ഷേപിച്ച ടാങ്കർ ലോറിയാണ് പ്രദേശവാസികൾ പിടികൂടി പൊലീസിലേൽപ്പിച്ചത്. കോൾമൊട്ടയിൽ വാടക മുറിയിൽ താമസിക്കുന്ന നാലംഗ സംഘമാണ് ലാലു എന്നയാളുടെ ഉടമസ്ഥതയിലുളള ചെങ്കൽ ക്വാറിയിൽ കക്കൂസ് മാലിന്യം തള്ളിയത്.

പ്രദേശ വാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇതിനു മുമ്പും 3 തവണ പണയിൽ മാലിന്യം തള്ളിയിരുന്നതായും ഇതിന് പത്തായിരം രൂപ പ്രകാരം സ്ഥലമുടമയ്ക്ക് നല്‍കുന്നതിന്റെ എഗ്രിമെന്റ് കോപ്പിയും സംഘം പൊ ലീസിനെ കാണിച്ചു. മാലിന്യം കൊണ്ടുവന്ന വാഹനം വേളിപ്പാറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുകയും ഡങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിൽ വലിയതോതിൽ കക്കൂസ് മാലിന്യം യാതൊരു മുൻകരുതലുമില്ലാതെ ജനവാസ കേന്ദ്രത്തിൽ തള്ളുന്നത്.