കണ്ണൂർ: ഗ്രന്ഥശാലകൾക്ക് കോർപ്പറേഷൻ നൽകിവരുന്ന പത്രം നിർത്തലാക്കിയതിൽ പ്രതിഷേധം. കോർപ്പറേഷനിൽ 53 ലൈബ്രറികൾ ഉണ്ട്. ഇതിൽ എല്ലാ സ്ഥലത്തും കോർപ്പറേഷൻ സൗജന്യമായി പത്രം നൽകാറില്ല. എന്നാൽ ഭൂരിപക്ഷം വായനശാലകളിലും പത്രം വിതരണം ചെയ്യുന്നത് വായനക്കാർക്ക് അനുഗ്രഹമായിരുന്നു. ഇത് അടുത്ത മാസം മുതൽ നൽകില്ല എന്ന് പറഞ്ഞുകൊണ്ട് സോണൽ ഓഫീസുകളിൽ നിന്ന് വായനശാലകൾക്ക് കത്ത് നൽകിയിരിക്കുകയാണ്.

ലൈബ്രറികൾക്ക് ആവശ്യമായ ഫണ്ട് ലൈബ്രറി കൗൺസിലിന് സെസ്സായി നൽകുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വർഷങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യം നിഷേധിക്കുന്നത്. യഥാർത്ഥത്തിൽ സെസ്സ് എന്നത് കെട്ടിട ഗ്രാന്റിന്റെ അഞ്ച് ശതമാനമാണ്. ഇത് കെട്ടിട ഉടമകളിൽ നിന്ന് വാങ്ങി ലൈബ്രറി കൗൺസിലിന് നൽകുന്ന പ്രവൃത്തി മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകാറുണ്ട്. 1940ൽ മലബാറിലെ ലൈബ്രറികൾ മദ്രാസ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ നൽകുന്ന ആനുകൂല്യമാണ് സൗജന്യ പത്രം എന്നത്. കണ്ണൂർ കോർപ്പറേഷന്റെ ബഡ്ജറ്റിലും ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പോലും അറിയാതെയാണ് പുതിയ തീരുമാനമെന്നും ആക്ഷേപമുണ്ട്.

നടപടിയിൽ നിന്ന് കോർപ്പറേഷൻ പിൻവാങ്ങണമെന്ന് ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് പ്രസിഡന്റ് ഇ. ചന്ദ്രനും സെക്രട്ടറി എം. ബാലനും ആവശ്യപ്പെട്ടു.