ഇരിട്ടി: അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും മുങ്ങി ഇരിട്ടി ടൗണിൽ പിടിയിലായ തടവുപുള്ളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആറളം വെളിമാനം സ്വദേശിയായ 19 കാരനാണ് ഫലം നെഗറ്റീവായത്.
ആറളത്തെ അടിപിടിക്കേസിൽ റിമാൻഡിലായ ഇയാളെ മൊബൈൽ മോഷണക്കേസിൽ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ഈ മാസം 21 ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടു വന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ യുവാവിന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നിൽ വീഡിയോ കോൺഫ്രൻസിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് 23 ന് നടത്തിയ പരിശോധനയിൽ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു . ഇവിടെനിന്നും 24 ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാൻഡിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. 25 ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്.