ശ്രീകണ്ഠപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവ് കെ.സി ജോസഫ് എം എൽ എ കുറ്റപ്പെടുത്തി. മാർച്ച് 24ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം നാലു മാസത്തിലേറെയായി സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ചെലവും തനതു ഫണ്ടിൽ നിന്നോ സ്‌പോൺസർമാരെ കണ്ടെത്തിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെയാണ് നിർവ്വഹിച്ചു വരുന്നത്. തുടർച്ചയായി ഉത്തരവുകൾ അല്ലാതെ ഒരു പൈസ പോലും സംസ്ഥാന ഗവൺമെന്റ് ഇതുവരെ നൽകിയിട്ടില്ല.
ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്ററുകൾ ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി പത്തു കോടി രൂപ വീതം ഓരോ ജില്ലയ്ക്കും അനുവദിച്ചെങ്കിലും പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നാമമാത്രമായ സംഖ്യ മാത്രമാണ് പല ജില്ലകളിലും നൽകിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളോട് കടുത്ത അവഗണനയാണ് പിണറായി സർക്കാർ കാണിക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.