കുറ്റ്യാടി: മാപ്പിളപ്പാട്ടുകൾ ഒരു കൊട്ടാരമാണെങ്കിൽ ഫസൽ നാദാപുരം അവിടത്തെ തമ്പുരാനാണ്. ഗാനരചന, സംഗീതം, ആലാപനം... മാപ്പിളപ്പാട്ടിൽ ഫസൽ കൈവയ്‌ക്കാത്ത മേഖലയില്ല. എരഞ്ഞോളി മൂസയുടെയുടെ ശ്രുതിമാധുര്യത്തിൽ സംഗീത പ്രേമികളെ വിശ്വാസത്തിന്റെ നെറുകയിലെത്തിച്ച 'അള്ളാവു അല്ലാതാരുമില്ല ആരാധനയ്ക്ക്" എന്ന പാട്ടിന്റെ രചനയും സംഗീതവും ഫസലിന്റേതായിരുന്നു.
കാൽ നൂറ്റാണ്ടിന്റെ സംഗീത സപര്യയിൽ നൂറു കണക്കിന് മാപ്പിള പാട്ടുകളാണ് ഫസലിലൂടെ പിറന്നത്. കേരളത്തിലുടനീളം 2000 സ്റ്റേജുകളിലെങ്കിലും ഫസൽ സംഗീത മഴ ചൊരിഞ്ഞിട്ടുണ്ട്. എരഞ്ഞോളി മൂസ, വി.എം. കുട്ടി, അസീസ് തായിനേരി, കൃഷ്ണദാസ് വടകര, പീർ മുഹമ്മദ്, ഇ.സി. ലിയാഖത്ത്, സുബൈർ പാറാട്ട്, റംല ബീഗം, വിളയിൽ ഫസീല തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പവും പ്രവർത്തിച്ചു. കലാഭവൻ മണിയെ നായകനാക്കി സംലിംബാബ സംവിധാനം ചെയ്ത 'പ്രമുഖൻ" എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനവുമെഴുതി.
കണ്ണൂർ ഷറീഫ്, എം.എ. ഗഫൂർ, നിസാർ വയനാട്, ഐ.പി. സിദ്ധിക്ക്, അജയൻ പട്ടുറുമാൽ, നിലമ്പൂർ ഷാജി, അശ്രഫ് പയ്യന്നൂർ, താജുദീൻ വടകര, നവാസ് പാലേരി തുടങ്ങിയ പാട്ടുകാരും എന്നും ഒപ്പമുണ്ടായിരുന്നു. സുബൈർ തിക്കോടി, ഫിറോസ് കുറ്റിയാടി, മുഹമ്മദ്കുട്ടി വയനാട്, നസീമ നാദാപുരം, ഷബാന നാദാപുരം എന്നിവരെ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കൈപിടിച്ചത് ഫസലായിരുന്നു. എരഞ്ഞോളി മൂസയുടെ മകൻ നസീർ എഞ്ഞോളി ഫസലിന്റെ ശ്രുതിയിൽ ഇരുപത് പാട്ടുകളാണ് പാടിയത്. രാഷ്ട്രീയ പാർട്ടികൾക്കായി ഗാനങ്ങളെഴുതി പാടുന്നത് ഇന്നും തുടരുകയാണ്.
ചെറുപ്പത്തിൽ കോൽക്കളി പഠനം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുമ്പോൾ പേടി മാറ്റാൻ ദൈവത്തെ ധ്യാനിച്ച് പാടിയ പാട്ടുകൾ പതിനഞ്ചാമത്തെ വയസിൽ പുസ്തകത്തിൽ പിറന്നു വീഴുകയായിരുന്നു. ഉമ്മ സൈനബയായിരുന്നു പ്രചോദനം. ഒരിക്കൽ പാട്ട് പാടിയപ്പോൾ ഉപ്പ അഹമ്മദ് മസ്താൻ തന്ന പത്ത് രൂപ എന്നും തനിക്കുള്ള വിലപ്പെട്ട പുരസ്‌കാരമായാണ് ഫസൽ മനസിൽ സൂക്ഷിക്കുന്നത്.
വേളത്ത് സ്ഥിരതാമസമാക്കിയ ഫസലിന്റെ ഭാര്യ സുലൈഖ. മകൻ മുഹമ്മദ് ഷാഫി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.