കുന്ദമംഗലം: ലോക്ക് ഡൗണിൽ ദുരിതത്തിലായ തന്റെ ജീവനക്കാരുടെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് 'മണിക്കുട്ടി മുതലാളി" നിഖിൽ. മണിക്കുട്ടി എന്ന പേരിൽ ട്രാവൽസ് നടത്തുന്ന പിലാശ്ശേരി സ്വദേശിയായ നിഖിലിന് ആറ് ട്രാവലറും രണ്ടു ടൂറിസ്റ്റ് ബസുകളുമുണ്ട്. ഇതിലെ 12 ജീവനക്കാർക്ക് ആശ്വാസമൊരുക്കിയാണ് നിഖിൽ പിലാശ്ശേരി പൊയ്യയിൽ മത്സ്യവില്പനയും പച്ചക്കറിക്കടയും ആരംഭിച്ചത്.
നിഖിലിന്റെ വാനങ്ങളിലെ ജീവനക്കാരാണ് കടകളിലും ജോലിചെയ്യുന്നത്. രാവിലെയും വൈകുന്നേരവും രണ്ട് ടീമുകളായാണ് ഇവരുടെ പ്രവർത്തനം. മൂന്നു മാസമായി വാഹനങ്ങൾ കട്ടപ്പുറത്താണ്. ജീവിതം മുന്നോട്ട് പോകാൻ മറ്റൊരു വഴി തേടിയപ്പോഴാണ് മീൻ, പച്ചക്കറി കച്ചവടം മുന്നിൽ തെളിഞ്ഞത്. ഇത് ഉപജീവനം മുടങ്ങി തൊഴിലാളികൾക്കും വലിയ ആശ്വാസമായി.
'സർക്കാരിൽ നിന്ന് ടൂറിസ്റ്റ് ബസുടമകൾക്ക് ഇതുവരെ ധനസഹായമൊന്നും കിട്ടിയില്ല. ഇനിയും ബസ് ഒാടാൻ തുടങ്ങിയില്ലെങ്കിൽ ജീവനക്കാർ മുഴു പട്ടിണിയിലാകും. അതുകൊണ്ടാണ് ഇങ്ങനൊരു സംരംഭം തുടങ്ങിയത്".
- ടി. നിഖിൽ, മണിക്കുട്ടി ട്രാവൽസ് ഉടമ