കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നഗരം സജീവമാകുന്നതിനിടെ മൂന്ന് കോർപറേഷൻ ഡിവിഷനുകളും അവയോട് ചേർന്നുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡും കണ്ടെയ്ൻമെന്റ് സോണായത് ജനങ്ങളെ ഭീതിയിലാക്കുന്നു. ഇളവുകളെ തുടർന്ന് കച്ചവട സ്ഥാനപനങ്ങളും ഓഫീസുകളും തുറന്നു. റോഡിലും മാർക്കറ്രുകളിലുമെല്ലാം നല്ല തിരക്കുണ്ട്. അതിനിടയിലാണ് നഗരത്തിലെ ചക്കുംകടവ്, മൂന്നാലിങ്കൽ, വെള്ളയിൽ ഡിവിഷനുകളേയും കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്തില കമ്പിളിപ്പറമ്പ് വാർഡടച്ചത് ആശങ്ക ഇരട്ടിപ്പിച്ചു. ബാരിക്കേഡുപയോഗിച്ച് അതിർത്തികളുമടച്ചു. വെള്ളിയിലും മൂന്നാലിങ്കലിലും ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പിളിപ്പറമ്പിലും റോഡ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ആത്മഹത്യ ചെയ്ത വൃദ്ധന്റെ ഇൻക്വസ്റ്ര് നടത്തിയ വെള്ളയിലെ പൊലീസുകാർ നിരീക്ഷണത്തിലാണ്. ഇയാൾക്ക് കൊവിഡിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണശേഷമുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പ്രദേശമായതിനാൽ സമ്പർക്ക സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണായ പ്രദേശത്തെ ജനങ്ങൾ നിരന്തരം നഗരത്തിലെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു.
കണ്ടെയ്ൻമെന്റ് സോണിലെ പൊതു റോഡുകളിൽ ഗതാഗതം നിരോധിച്ചു. കർശന പരിശോധനകൾക്ക് ശേഷം അവശ്യവസ്‌തു വിതരണത്തിനുള്ള വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ ഇതിനും നിരോധനമുണ്ട്. ഇവിടെയുള്ളവർ അടിയന്തര വൈദ്യസഹായത്തിനല്ലാതെ പുറത്ത് പോകുന്നതിനും, മറ്റിടങ്ങളിലുള്ളവർ ഇവിടേക്ക് വരുന്നതിനും നിരോധനമുണ്ട്.
അവശ്യ വസ്‌തുക്കൾ, മെഡിക്കൽ ഷോപ്പുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾ തുറക്കരുത്. ഭക്ഷ്യ അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമാണ് പ്രവർത്തിച്ചത്. പൊതുസ്ഥലങ്ങളിലും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കുന്നതും മാസ്കില്ലാതെ പുറത്തിറങ്ങുന്നതും പൊലീസ് വിലക്കി.
പൊലീസ് നടപടികൾ ഇങ്ങനെ
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം
ബാരിക്കേഡുപയോഗിച്ച് അതിർത്തികളുമടച്ചു
വെള്ളിയിലും മൂന്നാലിങ്കലിലും ശക്തമായ കാവൽ
പൊതു റോഡുകളിൽ ഗതാഗതം നിരോധിച്ചു
അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കുന്നതിന് വിലക്ക്