കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ വിശ്വദർശനഗരിമ രാജ്യസീമകൾക്കതീതമായി പ്രചരിപ്പിച്ച സന്യാസിവര്യനായിരുന്നു സ്വാമി ശാശ്വതീകാനന്ദയെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ് ഹിൽ യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ 18-ാമത് സമാധിയോടനുബന്ധിച്ച് യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ കെ. ബിനുകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാ സംഘം ശാഖകൾക്ക് നൽകാൻ തയ്യാറാക്കിയ മാസ്‌കുകളുടെ വിതരണോദ്ഘാടനം വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീല വിമലേശൻ പുതിയങ്ങാടി ശാഖ സെക്രട്ടറി എടവലത്ത് സദാനന്ദന് നൽകി നിർവഹിച്ചു. വി.സുരേന്ദ്രൻ, പി.കെ.വിമലേശൻ, പി.വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.