പേരാമ്പ്ര: എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ പേരാമ്പ്രയുടെ കിഴക്കൻ മലയോരത്ത് മിന്നുംജയം. മിക്ക വിദ്യാലയങ്ങളും സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ് വിജയം നേടിയത്. രണ്ട് വിദ്യാലയങ്ങൾ 100 ശതമാനം നേടി. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിനും കുളത്തുവയൽ സെന്റ് ജോർജ്ജ് എച്ച്.എസ്.എസിനുമാണ് നൂറ് മേനി.കൂത്താളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിൽ 61 പേരാണ് പരീക്ഷ എഴുതിയത്. മൂന്ന് പേർ എല്ലാ വിഷയത്തിലും എ പ്ലസും രണ്ട് പേർ ഒൻപത് വിഷയത്തിലും എ പ്ലസ് നേടി.
190 പേർ പരീക്ഷ എഴുതിയ കുളത്തുവയൽ സെന്റ് ജോർജ്ജ് എച്ച്.എസ്.എസില്‍ 37 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ 849 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 841 (98.7 ശതമാനം) പേർ ഉപരി പഠന യോഗ്യത നേടി. 126 പേർ എല്ലാ വിഷയത്തിലും 52 പേർ ഒൻപത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
ചെറുവണ്ണൂർ ജി.എച്ച്.എസിൽ 44 പേർ പരീക്ഷ എഴുതിയതിൽ 43 പേർക്കും ആവള ജി.എച്ച്.എസിൽ 108 പേരിൽ 107 പേർക്കും (99.07 ശതമാനം) ഉപരി പഠന യോഗ്യതയുണ്ട്. 455 വിദ്യാർഥികൾ പരീക്ഷ എഴുതിയ പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ 442 പേർ (98.80 ശതമാനം) ഉന്നത പഠനത്തിന് അർഹത നേടി. 97 പേർ എല്ലാത്തിലും എ പ്ലസും 72 പേർ ഒൻപത് വിഷയത്തിലും എ പ്ലസും കരസ്ഥമാക്കി.
നൊച്ചാട് എച്ച്.എസ്.എസിൽ 554ൽ 543 (98.5 ശതമാനം) വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യരായി. 74 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും 45 വിദ്യാർത്ഥികൾ ഒൻപതെണ്ണത്തിലും എ പ്ലസ് നേടി. പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ 330 പേർ പരീക്ഷ എഴുതിയതിൽ 93 ശതമാനം വിജയമുണ്ടായി. 13 പേർ മുഴുവൻ വിഷയത്തിലും 17 പേർ ഒമ്പത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കൂത്താളി വി.എച്ച്.എസ്.എസിൽ 125 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 97.6 ശതമാനം വിജയമുണ്ടായി. ഒൻപത് പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
ചെമ്പനോട എച്ച്.എസിൽ 139 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 98 ശതമാനമാണ് വിജയം. 26 പേർ എല്ലാത്തിലും എ പ്ലസ് നേടി. പടത്തുകടവ് ഹോളീ ഫാമിലി എച്ച്.എസിൽ 97 പേർ പരീക്ഷ എഴുതിയതിൽ 95 പേർ ഉപരി പഠന യോഗ്യരായി. 14 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നൂറു ശതമാനം വിജയം കൈവരിച്ചു.