കക്കട്ടിൽ: പാതിരിപ്പറ്റയിൽ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കരിങ്കൽ ക്വാറിയിൽ നടത്തിയ ഉഗ്ര സ്ഫോടനത്തിൽ ഒമ്പത് വീടുകൾക്ക് നാശനഷ്ടം. കാപ്പുമ്മലിൽ പുതുതായി വാങ്ങിച്ച സ്ഥലത്താണ് കരിങ്കൽ ഖനനം നടത്തുന്നത്. പരിസരത്തെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും വീടുകളുടെ സുരക്ഷ പരിഗണിക്കാതെയുമാണ് പാറ പൊട്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇ.എം.എസ് ഭവന പദ്ധതിയിൽ നിർമ്മിച്ച പാറച്ചാലിൽ മാതുവിന്റെ വീടിന്റെ തറയുടെ കല്ലും മേൽക്കൂരയും ഇളകിയ നിലയിലാണ്. വി.കെ. രാജൻ, വി.കെ.ചന്ദ്രൻ, കാപ്പമ്മൽ രാജൻ എന്നിവരുടെ ഇരുനില വീടുകളുടെ ചുമരും വാർപ്പും പൊട്ടിച്ചിതറി നിൽക്കുകയാണ്. വി. കെ .ലീലയുടെ വീടിന്റെ മുൻഭാഗത്തെ ചുമരും കിടപ്പുമുറിയിലെ മേൽക്കൂരയും പൊട്ടി. ടാക്സി ഡ്രൈവറായ കാപ്പുമ്മൽ രാജേഷിന്റെ പുതിയ വീടിന് വിള്ളലുണ്ടായി. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കരിങ്കൽ ഖനനം നടത്തിയ സ്ഥലം ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്നും നാശം സംഭവിച്ച വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി.