കോഴിക്കോട്: കൊച്ചുകുട്ടികളിൽ കളിയും ചിരിയും കുസൃതിയും നിറച്ച് 'കിളിക്കൊഞ്ചൽ' വിനോദ വിജ്ഞാന പരിപാടി സംപ്രേഷണം തുടങ്ങി. മൂന്ന് മുതൽ ആറു വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് സംസ്ഥാന വനിതാ-ശിശു ക്ഷേമ വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് 'കിളിക്കൊഞ്ചൽ' ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ വീടുകളിൽ കഴിയേണ്ടിവരുന്ന അങ്കണവാടി കുട്ടികൾക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും.
രാവിലെ എട്ടു മുതൽ 8.30 വരെ വിക്ടേഴ്‌സ് ചാനൽ വഴിയാണ് സംപ്രേഷണം. വൈകീട്ട് പുനഃസംപ്രേക്ഷണവും ഉണ്ടാകും. കുട്ടികളുടെ ഭാഷ, ക്രിയാത്മകത, ആസ്വാദനം, അറിവ്, ശാരീരിക വികാസം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയാണ് കിളിക്കൊഞ്ചൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരാൻ ഇതുവഴി സാധിക്കും. കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് അങ്കണവാടി വർക്കർമാർ ഉറപ്പുവരുത്തും.