കൽപ്പറ്റ: ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികൾക്ക് ജീവനം പദ്ധതിയിൽ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അറിയിച്ചു. പകരം ഡയാലിസിസ് ചെയ്യുന്ന കേന്ദ്രങ്ങൾക്കാണ് തുക കൈമാറുക.

സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് വ്യക്തികൾക്ക് നേരിട്ട് നൽകാതെ ചികിൽസ ലഭ്യമാക്കുന്ന ആശുപത്രിയടക്കമുളള ഡയാലിസിസ് കേന്ദ്രങ്ങൾക്ക് തുക കൈമാറുന്നതെന്ന് അവർ പറഞ്ഞു. ഈ മാസം മുതൽ ഇത്തരത്തിലാണ് തുക നൽകുക. രോഗികൾക്ക് ഡയാലിസിസിനും അനുബന്ധ ചെലവുകൾക്കും തുക ഉപയോഗിക്കാൻ സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ പഞ്ചായത്തും തമ്മിലുളള കരാർ ഈ ആഴ്ചയോടെ പൂർത്തീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

നടപ്പു വാർഷിക പദ്ധതിയിൽ സംയോജിത പ്രോജക്ടായാണ് ജീവനം പദ്ധതി നടപ്പാക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് പദ്ധതിക്കായി ഉപയോഗിക്കാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. ഗ്രാമപഞ്ചായത്തുകൾ രണ്ട് ലക്ഷം രൂപ വീതം നൽകും. നഗരസഭകൾ അഞ്ച് ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകൾ 4 ലക്ഷം രൂപയും സംയോജിത പദ്ധതിക്കായി വകയിരുത്താൻ നിർദ്ദേശമുണ്ട്.

പദ്ധതിയിൽ 450 രോഗികൾ

ജില്ലാ പഞ്ചായത്ത് 2019-20 ൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ജീവനം. പൊതുജനങ്ങളിൽ നിന്നു ശേഖരിച്ച 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി അടങ്കലിലാണ് പദ്ധതി തുടങ്ങിയത്. മാസം 3000 രൂപയാണ് ചികിത്സാ ചെലവിനായി ഗുണഭോക്താക്കൾക്ക് നേരിട്ട് കൈമാറിയിരുന്നത്. ജില്ലയിലെ വൃക്കരോഗികളായ 450 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ 413 പേർക്കാണ് ധനസഹായം ലഭിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 82,57,000 രൂപ വിതരണം ചെയ്തു.


ഓൺലൈൻ വിദ്യാഭ്യാസം: രാഹുൽ ഗാന്ധി 175 ടി.വികൾ കൂടി നൽകി

കൽപ്പറ്റ: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി രാഹുൽ ഗാന്ധി എം.പി 175 ടി.വി സെറ്റുകൾ കൂടി നൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് ജില്ലാ ഭരണകൂടത്തിന് ടി.വികൾ കൈമാറിയത്. നേരത്തെ 50 ടി.വികൾ നൽകിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടി.വി സ്ഥാപിക്കുന്നത്. പട്ടിക വർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ടി.വി ആവശ്യമായ കുട്ടികളുടെ എണ്ണം ശേഖരിച്ച് അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തിയാണ് ഇവ എത്തിക്കുന്നത്.

മത്സ്യകൃഷി പദ്ധതി
പൂക്കോട്: ഉൾനാടൻ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലയിൽ ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിയിൽ ബയോഫ്‌ളോക്ക് പദ്ധതിക്ക് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജൂലൈ 5 നകം പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ലഭിക്കണം. ഫോൺ 04936 255214.


ധനസഹായം; അപേക്ഷ തീയതി നീട്ടി

കൽപ്പറ്റ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ് 19 സൗജന്യ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അപേക്ഷ motorworker.kmtwwfb.kerala.gov.in എന്ന പോർട്ടലിൽ അക്ഷയ കേന്ദ്രങ്ങളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും അയക്കണം. അപേക്ഷയോടൊപ്പം ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, അവസാനം അടച്ച രസീത്, തൊഴിലാളിയുടെ ക്ഷേമനിധി ഐ.ഡി. കാർഡ് എന്നിവ ഉൾപ്പെടുത്തണം. വെബ് സൈറ്റ് www.kmtwwfb.org ഫോൺ 04936 206355.


കസ്റ്റം ഹയറിംഗ് സെന്റർ അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൻ കീഴിൽ കൃഷികല്ല്യാൺ അഭിയാൻ പ്രകാരം കസ്റ്റം ഹയറിംഗ് സെന്ററുകൾ (ഒരു ബ്ലോക്കിൽ 2 എണ്ണംവീതം) തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ട് പേരോ അതിൽ കൂടുതലോ അംഗങ്ങളുള്ള തൊഴിൽ സംഘങ്ങൾക്കാണ് പദ്ധതി ലഭിക്കുന്നത്. പദ്ധതിയിൻ കീഴിൽ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ കാർഷികയന്ത്രങ്ങൾ വാങ്ങാം. 8 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. താൽപ്പര്യമുള്ള സംഘങ്ങൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം കസ്റ്റം ഹയറിംഗ് സെന്ററുകൾ ആയി രജിസ്റ്റർ ചെയ്ത് സംഘത്തിന്റെ പേരിൽ പാൻ കാർഡും ബാങ്ക് അക്കൗണ്ടും എടുത്ത് കണിയാമ്പറ്റയിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ഒരാഴ്ചക്കകം ബന്ധപ്പെടണം.

നിലവിലുള്ള സംഘങ്ങൾ കസ്റ്റം ഹയറിംഗ് സെന്ററുകളായി മാറ്റാനായി അവരുടെ ബൈലോയിൽ കൃഷിയന്ത്രങ്ങൾ വാടകക്ക് കൊടുക്കുമെന്നും കർഷകർക്ക് നേരിട്ട് കാർഷിക വൃത്തി വാടക നിരക്കിൽ ചെയ്ത് കൊടുക്കുമെന്നും ചേർത്തതിന് ശേഷം പുതുതായി യന്ത്രങ്ങൾ വാങ്ങാൻ അപേക്ഷിക്കാം. ഫോൺ നമ്പർ: 9400621331, 9383471924, 9746660621.


കോഓർഡിനേറ്റർ കൂടിക്കാഴ്ച

കൽപ്പറ്റ: സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ടിന് കീഴിൽ ബി.ആർ.സിയിൽ ഒഴിവുള്ള എം.ഐ.എസ് കോഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 9 ന് രാവിലെ 11 ന് സുൽത്താൻ ബത്തേരി ഡയറ്റിൽ നടക്കും. പ്രായം 40 വയസിൽ കവിയരുത്. യോഗ്യത ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി.ഇ) എം.എസി.എ/ എം.എസ്.സി (സി.എസ്/ഐ.ടി) എം.ബി.എ. അഭികാമ്യം. ഇവരുടെ അഭാവത്തിൽ ബി. സി.എ/ബി.എസ്.സി. (സി.എസ്/ഐടി) ബി.സി.എ/ബി.എസ്.സി. (സി.എസ്/ഐ.ടി). ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ. 04936 203338.


മസ്റ്ററിംഗ് നടത്തണം
കൽപ്പറ്റ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലയിലെ തൊഴിലാളി പെൻഷൻ, കുടുംബ പെൻഷൻ, സാന്ത്വന പെൻഷൻ കൈപ്പറ്റുന്നവർക്കും 2020 വർഷത്തിൽ മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർക്കും ജൂലെ 15 വരെ അക്ഷയസെന്ററുകൾ മുഖേന മസ്റ്ററിംഗ് നടത്താം. അധാർകാർഡ്, പെൻഷൻ രേഖകൾ എന്നിവ സഹിതമാണ് അക്ഷയസെന്ററുകളിൽ എത്തേണ്ടത്. ഫോൺ 04952384355.