പെരിന്തൽമണ്ണ: കാൻസർ രോഗികൾക്കായി ചെറിയമ്മ മുടിമുറിച്ച് നൽകിയത് കണ്ടപ്പോൾ എൽ.കെ.ജി വിദ്യാർത്ഥിയായിരുന്ന അശ്വന്തിനും ഒരാഗ്രഹം. തനിക്കും മുടി ദാനം ചെയ്യണമെന്ന്. പിന്നൊന്നും നോക്കിയില്ല. മുടി നീട്ടി വളർത്താൻ തുടങ്ങി. പെൺകുട്ടികളെ പോലെ നീണ്ട മുടിയെന്ന് പറഞ്ഞ് കൂട്ടുകാരിൽ ചിലരൊക്കെ കളിയാക്കി. കാര്യമറിഞ്ഞപ്പോൾ അവരും അദ്ധ്യാപകരും അടക്കമുള്ളവർ പ്രോത്സാഹിപ്പിച്ചു. മൂന്നുവർഷത്തിനൊടുവിൽ കഴിഞ്ഞ ദിവസം ചെറിയമ്മയായ ദീപികയ്ക്കൊപ്പം തൃശൂർ അമല ആശുപത്രിയിൽ പോയി മുടി ദാനം ചെയ്ത് ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അശ്വന്ത്.
അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ മൂക്കിലായിൽ അനീഷ് - ദീപ്തി ദമ്പതികളുടെ മകനും ചെരക്കാപറമ്പ് എ.എം.എൽ.പി സ്‌കൂൾ രണ്ടാംക്ളാസ് വിദ്യാർത്ഥിയുമാണ് ഏഴു വയസുകാരൻ അശ്വന്ത്. നീട്ടിവളർത്തിയ തലമുടി മുറിച്ചതിൽ അശ്വന്തിന് സങ്കടമില്ല. ഇനിയും മുടിവളർത്താനും ദാനം ചെയ്യാനും തന്നെയാണ് അശ്വന്തിന്റെ ഭാവം. വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമെത്തുമ്പോഴും ചേച്ചി ആദിത്യക്കൊപ്പം കളിയിൽ മുഴുകിയിരിക്കുകയാണ് അശ്വന്ത്. താൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന ഭാവത്തിൽ.