കൽപ്പറ്റ: സംസ്ഥാന സർക്കാർ നേരിട്ടു നടപ്പിലാക്കുന്ന കാർഷിക വിള ഇൻഷൂറൻസ് പദ്ധതി കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിന് ജൂലൈ ഒന്നു മുതൽ 15 വരെ ജില്ലയിൽ വിള ഇൻഷൂറൻസ് പക്ഷം ആചരിക്കുന്നു. 27 ഇനം കാർഷിക വിളകൾ നിബന്ധനകൾക്ക് വിധേയമായി അതത് കൃഷിഭവനുകൾ വഴി ഇൻഷൂർ ചെയ്യാവുന്നതാണെന്ന് കൽപറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
പാടശേഖര സമിതി മുഖേനയോ നേരിട്ടോ 25 സെന്റിന് 25 രൂപ നിരക്കിലടച്ചു നെൽകൃഷിയും ഇൻഷൂർ ചെയ്യാം. 45 ദിവസത്തിനു ശേഷമുള്ള നഷ്ടത്തിന് 35000 രൂപ ലഭിക്കും.
കർഷകർ ഇൻഷൂർ ചെയ്യുന്ന പ്‌ളോട്ടിലെ മുഴുവൻ വിളയും ഇൻഷൂർ ചെയ്യേണ്ടതാണ്. ഒരു വിളയിൽ ഭാഗികമായി കുറഞ്ഞ വിസ്തൃതി മാത്രം ഇൻഷൂർ ചെയ്യപ്പെടില്ല. സ്‌കീമിന്റെ വിശദവിവരങ്ങളും ഇൻഷുർ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളിൽ ലഭിക്കും.
പ്രീമിയം, നഷ്ടപരിഹാരം
പത്തു തെങ്ങുകൾക്ക് വർഷമൊന്നിന് രണ്ട് രൂപ, മൂന്ന് വർഷത്തേക്ക് 5 രൂപ പ്രീമിയം. തെങ്ങൊന്നിന് നഷ്ടപരിഹാരം 2000 രൂപ.
കവുങ്ങ്: വർഷമൊന്നിന് ഒരു രൂപ മൂന്ന് വർഷത്തേക്ക് രണ്ട് രൂപ പ്രീമിയം. കവുങ്ങ് ഒന്നിന് നഷ്ടപരിഹാരം 200 രൂപ
റബ്ബർ: പ്രീമിയം വർഷമൊന്നിന് 3 രൂപ മൂന്ന് വർഷത്തേക്ക് 5 രൂപ. നഷ്ടപരിഹാരം 1000 രൂപ.
വാഴ: പ്രീമിയം 3 രൂപ. നഷ്ടപരിഹാരം 300 രൂപ 50 രൂപ വരെ.
10 സെന്റ് പച്ചക്കറി കൃഷിയുള്ളവർക്ക് പ്രീമിയം 10 രൂപ. നഷ്ട പരിഹാരം പന്തൽ പച്ചക്കറികൃഷിക്ക് ഹെക്ടറിന് 40000 രൂപ. മറ്റു പച്ചക്കറികൾക്ക് 25000 രൂപ.