മാനന്തവാടി: തോൽപെട്ടിയിൽ കടുവ പശുവിനെ ആക്രമിച്ചു. ആളുകൾക്ക് നേരെയും കടുവ തിരിഞ്ഞെന്നു നാട്ടുകാർ. ഇന്നലെ ഉച്ചകഴിഞ്ഞാണ് തോൽപെട്ടി നരിക്കല്ല് പി.വി.എസ് പ്ലാന്റേഷൻ ബഗ്ലാവിന് സമീപം മേയുകയായിരുന്ന എസ്റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ ആറ് മാസം ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്. കഴുത്തിനേറ്റ പരിക്ക് ഗുരുതരമാണ്. ഒരു മാസത്തോളമായി വരയൻ കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാർ പറഞ്ഞു. സംഭവം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലന്നും ആരോപണമുണ്ട്. പ്രദേശത്തെ ഒരു കാപ്പിതോട്ടത്തിലെ ക്വാറിയിലാണ് കടുവ തങ്ങുന്നതെന്നും ഇവർ പറഞ്ഞു.