കോഴിക്കോട്: നരിക്കുനി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാൻ നടപടിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 4046 വീടുകളിൽ ശുദ്ധജലമെത്തിക്കുക. 11.33 കോടി രൂപയുടേതാണ് പദ്ധതി.
മുഴുവൻ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്റെ അദ്ധ്യക്ഷതയിൽ മലാപറമ്പ് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കുടിവെള്ളം ലഭ്യമാകാത്തിടത്ത് കുടിവെള്ളം ലഭ്യമാക്കും. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തി 10നകം പൂർത്തിയാക്കും. മടവൂർ കൊട്ടക്കാവയൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.സി.ബിയുമായി ചേർന്ന് സംയുക്ത യോഗം ചേരാനും കുടിവെള്ള പദ്ധതിയുടെ കിണറിനു സമീപം തടയണ നിർമ്മിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.
മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ മേഖലയെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതിന് പദ്ധതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കുഴിപ്രമല പട്ടികജാതി കോളനി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി രൂപീകരിക്കും. കാമ്പ്രത്ത് മുക്ക് പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിക്ക് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് അനുമതി ലഭ്യമാക്കും. കട്ടിപ്പാറ പഞ്ചായത്തിലെ ഇരുൾകുന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുഴൽ കിണർ നിർമ്മിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഓമശ്ശേരി ചാമോറ കുടിവെള്ള പദ്ധതി നടപ്പിലാക്കും. സംസ്ഥാന സർക്കാരിന്റെ മൈനോരിറ്റി ഇറിഗേഷൻ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കൊടുവള്ളി നഗരസഭയിലെ കളരാന്തിരി വലിയപറമ്പ് കുടിവെള്ള പദ്ധതിക്കായി അനുവദിച്ച 47 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.