കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോഴും ശ്മശാനത്തിലെ സംസ്ക്കാര ക്രിയകൾ നടത്തുന്നവർക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. വീടുകളിൽ സ്വാഭാവിക മരണം സംഭവിക്കുന്നവർക്കുപോലും കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നതായി വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതി വ്യക്തമാക്കി . വെള്ളയിൽ തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിന് മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിലാണ്. അദ്ദേഹത്തിന് യാതൊരു രോഗ ലക്ഷണവും ഉണ്ടായിരുന്നില്ല. വീടുകളിൽ മരിക്കുന്നവരുടെ സംസ്കാര ക്രിയകൾ നടത്തുന്നവർക്ക് രോഗം വന്നാൽ ഒരു പ്രദേശം മുഴുവൻ കൊവിഡ് ഭീഷണിയിലാകും. കോഴിക്കോട് കോർപ്പറേഷൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പരിശീലനവും നൽകണമെന്നും പൊതുശ്മശാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സമിതിയുടെ നിർദ്ദേശങ്ങൾ

* വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിലെ ഗേറ്റുകൾ തുറന്നിടരുത്.

* മുഴുവൻ സമയ കാവൽക്കാരെ നിയമിക്കണം.

* മൃതദേഹം ശ്മശാനത്തിൽ എത്തിച്ചയുടനെ ആംബുലൻസ് അണുവിമുക്തമാക്കണം

* രാത്രി 8 മണിക്ക് ശേഷം ശവസംസ്ക്കാരം അനുവദിക്കരുത്.

* മതിയായ ലൈറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തണം.

* ശ്മശാനത്തിലെ മാലിന്യ നിക്ഷേപം തടയാണം.

വെസ്റ്റ്ഹിൽ ശ്മശാനത്തിന് സമീപത്തെ വാർഡിൽ കൊവിഡ് സ്ഥിരീകരിക്കുകയും കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെയും യോഗം വിളിച്ചുചേർത്തത്.