kunnamangalam-news
മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡ് പ്രവൃത്തി സംബന്ധിച്ച് ചേർന്ന യോഗത്തിൽ പി.ടി.എ റഹീം എം.എൽ.എ സംസാരിക്കുന്നു

കുന്ദമംഗലം: മാവൂർ - എൻ.ഐ.ടി - കൊടുവള്ളി റോഡ് പ്രവൃത്തി ആരംഭിക്കാൻ നടപടിയായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ കുന്ദമംഗലം, കൊടുവള്ളി എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് 13 കി.മീ നീളമാണുള്ളത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52.20 കോടി രൂപ ചെലവിൽ 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വീതികുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം ലഭ്യമാക്കുന്നതിന് തിങ്കളാഴ്ച മുതൽ സംയുക്ത പരിശോധന നടത്തും. സ്ഥല ലഭ്യത സംബന്ധിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ യോഗ തീരുമാനം ജൂലായ് 10 ന് മുമ്പ് അറിയിക്കണം. കളൻതോട്- കൂളിമാട് റോഡിൽ പ്രവൃത്തി നടത്തുന്നതിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ജൂലായ് 7ന് ലേലം നടത്തും. കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റുന്നതിന് 4ന് പരിശോധന നടത്തും. ആർ.ഇ.സി - മലയമ്മ - കൂടത്തായി റോഡിന്റെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗത്തെ സ്ഥല ലഭ്യത പരിശോധന ജൂലായ് 9ന് നടത്താനും തീരുമാനമായി. കാരാട്ട് റസാഖ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി. ശിവദാസൻനായർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, ടി.എ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.