കൽപ്പറ്റ: ഹരിതകേരളം മിഷൻ തയ്യാറാക്കുന്ന ജലബഡ്ജറ്റിന്റെ പൈലറ്റ് പദ്ധതി കൽപ്പറ്റയിൽ നടപ്പാക്കും. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് മാർഗരേഖയുടെ അവസാന കരട് ചർച്ച ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ നടന്നു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ, ജലവിഭവ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി.കെ.ജോസ്, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതൻ, സി.ഡബ്യു.ആർ.ഡി.എം. പ്രതിനിധികൾ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഹരിതകേരളം മിഷനിലെ ജല ഉപമിഷൻ കൺസൾട്ടന്റ് എബ്രഹാം കോശി പദ്ധതി വിശദീകരണവും സി.ഡബ്യു.ആർ.ഡി.എം. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുശാന്ത് സി.എം. സാങ്കേതിക വിവരണവും നടത്തി.

ഒരു പ്രദേശത്തെ ജല ലഭ്യത, നിലവിലുള്ള ഉപയോഗം എന്നിവ കണ്ടെത്തി വിവേകപൂർവമുള്ള ജലവിനിയോഗം ഉറപ്പുവരുത്തുകയാണ് ജല ബഡ്ജറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും ഗാർഹികം, വ്യാവസായികം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ ജലത്തിന്റെ ആവശ്യകതയും കണക്കാക്കുകയാണ് ആദ്യം. ആവശ്യത്തേക്കാൾ കുറവാണ് ജല ലഭ്യതയെങ്കിൽ ലഭ്യത വർധിപ്പിക്കാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള നടപടികൾ ഉൾപ്പെടെ ശാസ്ത്രീയമായ അടിത്തറയോടു കൂടിയുള്ള ജനകീയ പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.

സി.ഡബ്യു.ആർ.ഡി.എം. ഉൾപ്പെടെ ഈ രംഗത്തെ വിദഗ്ധരെയും വകുപ്പ് മേധാവികളേയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച കമ്മിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഒരു സ്ഥലത്ത് നിർവ്വഹണം നടത്തി വിലയിരുത്തൽ നടത്താനാണ് തീരുമാനിച്ചത്. കൽപ്പറ്റ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.


സി.കെ. ശശീന്ദ്രൻ
100 ടി.വികൾ നൽകും

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നടപ്പാക്കുന്ന ഇ പാഠശാല പദ്ധതിയുടെ ഭാഗമായി സി.കെ.ശശീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 100 ടെലിവിഷൻ വാങ്ങി നൽകും. മണ്ഡലത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ടെലിവിഷൻ ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 279 പൊതു പഠന കേന്ദ്രങ്ങളിൽ ഇതിനകം ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്.