തൃശ്ശിലേരി, തിരുനെല്ലി ക്ഷേത്രങ്ങളിൽ വികസന പദ്ധതികൾ
കൽപ്പറ്റ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തലശ്ശേരി ഹെറിറ്റേജ് ടൂറിസം വികസനം പദ്ധതിക്ക് 40 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ചരിത്ര നാടോടി പൈതൃകങ്ങളെ കോർത്തിണക്കിയുള്ള സർക്യൂട്ട് ഹെറിറ്റേജ് ടൂറിസം വികസനത്തിനാണ് തുക വിനിയോഗിക്കുക.
മാനന്തവാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃശ്ശിലേരി മഹാദേവ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യത്തിനും ഈ തുകയിൽ നിന്ന് 4.28 കോടി രൂപ വിനിയോഗിക്കും. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിൽ ഊട്ടുപുര, മൾട്ടിപ്ലസ് ഹാൾ, ലാൻഡ്സ്‌കേപ്പിങ്ങ്, സെക്യൂരിറ്റി സംവിധാനം, കുളപ്പുര നിർമ്മാണം, പ്രവേശന കവാടം, ടോയ്‌ലെറ്റ് നിർമ്മാണം, ജലവിതരണ സംവിധാനം എന്നിവയ്ക്കായി 1,40,99,77 രൂപയാണ് വകയിരുത്തിയത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നടപ്പാത നിർമ്മാണം, വൈദ്യുതീകരണം, സ്ട്രീറ്റ് ലൈറ്റ് നവീകരണം, കൽപ്പടവുകളുടെ നിർമ്മാണം, വിളക്കുമാടം പുനർനിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം എന്നിവയ്ക്കായി 2,86,71,256 രൂപയുമാണ് അനുവദിച്ചത്.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ വാരാമ്പറ്റ സ്‌കൂൾ ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.