മാനന്തവാടി: ചെറ്റപ്പാലത്ത് വാൻ വീൽ അലൈൻമെന്റ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാണ്ടിക്കടവ് സ്വദേശി രമേശൻ (37), ഭാര്യ പത്മ (33), മകൾ ഒന്നര വയസ്സുകാരി ശ്രീക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക്നിസ്സാരമാണ്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിൻസെന്റ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ചെറ്റപ്പാലത്തെ നിയ വീൽസ് എന്ന സ്ഥാപനത്തിലേക്കാണ് വാൻ പാഞ്ഞുകയറിയത്. തുടർന്ന് മറിയുകയും ചെയ്തു. കടയിലെ ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് അപകടത്തിൽ കേടുപാടുകൾ ഉണ്ടായി.