മുക്കം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഹോട്ടൽ ജോലിക്കാരിയെ ബോധം കെടുത്തി ആഭരണങ്ങളും പണവും കവർന്നതായി പരാതി. അബോധാവസ്ഥയിൽ റോഡിൽ കാണപ്പെട്ട മുത്തേരി സ്വദേശി യശോദ (65) സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിവു പോലെ ഓമശ്ശേരിയിലെ ഹോട്ടലിൽ ജോലിയ്ക്കു പോകാൻ രാവിലെ ഏഴിന് മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയതായിരുന്നു ഇവർ. അല്പദൂരം ചെന്നപ്പോഴേക്കും ഇവർക്ക് ബോധം നഷ്ടമായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോൾ മാങ്ങപ്പൊയിലിലെ റോഡരികിൽ പരിക്കുകളോടെ കിടക്കുകയായിരുന്നു. മൊബൈൽ ഫോൺ, സ്വർണമാല,ക മ്മൽ, പണം, രേഖകളടങ്ങിയ പഴ്‌സ് എന്നിവയാണ് നഷ്ടമായത്.

വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. തുടർന്ന് ഇതുവഴി വന്ന പരിചയക്കാരന്റെസഹായത്തോടെയാണ് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയത്. തുടർന്ന് പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മുക്കം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.