പയ്യോളി (കോഴിക്കോട്): വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കേ ദുരൂഹസാഹചര്യത്തിൽ കാണാതായ രണ്ടു വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് നർത്തന കലാലയത്തിന് സമീപം കമ്പിവളപ്പിൽ പി.പി.ഷംസീർ - അഷറ ദമ്പതികളുടെ മകൾ ആമിന അജുവയാണ് മരിച്ചത്. 50 മീറ്ററോളം ദൂരെയുള്ള തോട്ടിൽ കുഞ്ഞ് എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. അടുക്കളജോലിയ്ക്കിടെ വരാന്തയിലേക്ക് വന്ന ഉമ്മ മകളെ കാണാഞ്ഞ് പരിസരത്തെല്ലാം നോക്കിയെങ്കിലും കണ്ടില്ല. അയൽവാസികളും മറ്റും നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. വൈകാതെ കൊളാവിപ്പാലത്തിന് അടുത്ത് തോട്ടിലൂടെ കൊച്ചുകുട്ടി ഒഴുകുന്നത് സമീപവാസിയാണ് കണ്ടത്. കരയ്ക്കെടുത്ത കുഞ്ഞിനെ വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് നാട്ടിൽ പഴവർഗങ്ങളുടെ കച്ചവടം നടത്തുകയാണ്. സഹോദരി: സെൽന മറിയം.
മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ.