ലോകത്തെല്ലാം വേരുകളുണ്ടെങ്കിലും മലയാളികൾ അധികം തിരിച്ചറിയാത്ത ചികിത്സാരീതിയാണ് യുനാനി. 'സമുദായ മന്ത്രവാദം" എന്ന മേലങ്കിയാണ് യുനാനിയെ ആളുകളിൽ നിന്ന് അകറ്റിയത്. എന്നാൽ പുതിയ കാലത്ത് യുനാനി വീണ്ടും ശ്രദ്ധേയമാവുകയാണ്. ശരീരത്തെ യുദ്ധക്കളമായി കാണുന്ന ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നിൽ പ്രതിരോധ ശേഷി വീണ്ടെടുക്കുകയാണ് യുനാനി. പഴയ-പുതിയ കാലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇന്ത്യയിലെ പ്രസിദ്ധനായ യുനാനി ഡോക്ടറായ കെ.ടി. അജ്മൽ. മലയാളികൾക്കിടയിൽ യുനാനിയെ ജനകീയമാക്കാനുള്ള ഡോ. അജ്മലിന്റെ പരിശ്രമത്തിന് മൂന്ന് പതിറ്റാണ്ടത്തെ അദ്ധ്വാനമുണ്ട്.
കല്ലായി റോഡിലെ കാലിക്കറ്റ് യുനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ നടത്തുമ്പോഴും ഡോ. അജ്മലിനെ തേടിയെത്തുന്നവർ ഏറെയും ഉത്തരേന്ത്യയിൽ നിന്നാണ്. ബിഹാറടക്കമുള്ള സംസ്ഥാനങ്ങളിലെ സർവീസിലുള്ള മുഴുവൻ യുനാനി ഡോക്ടർമാർക്കും പരിശീലനം നൽകുന്നത് . പരസ്യങ്ങളിൽ കണ്ട ചില രഹസ്യ രോഗങ്ങളുടെ ചികിത്സ മാത്രമാണ് യുനാനിയെന്ന് തെറ്റിദ്ധരിച്ചതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമ്പ്രദായം മലയാളികൾ മനസിലാക്കാതെ പോകാൻ കാരണമായതെന്ന് ഡോ. അജ്മൽ പറയുന്നു. യവന സംസ്കാരത്തിന്റെ സംഭാവനയാണ് യുനാനി ചികിത്സ. കേരളത്തിൽ ആദ്യമായി യുനാനി ചികിത്സയിൽ ബിരുദം നേടി ഡോ. അജ്മൽ 1994ൽ കാസർകോട് മൊഗ്രാലിലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ചുരുങ്ങിയ വർഷങ്ങൾക്കകം ജോലി ഉപേക്ഷിച്ചശേഷം കോഴിക്കോടിന്റെ ഹൃദയ ഭാഗത്ത് കല്ലായ് പാലത്തിന് സമീപം ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരം നേടിയ കാലികറ്റ് യുനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്ന സ്ഥാപനം തുടങ്ങുകയും ഇവിടെ ചികിത്സ ആരഭിക്കുകയും ചെയ്തു. ഇതിനിടെ പൂനെയിലെ നാസിക് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഡിയും നേടി. ഏറെ വെല്ലുവിളിയുമായാണ് യുനാനി എന്ന ശാഖ തിരഞ്ഞെടുത്തത്. യുനാനി ചികിത്സയോടുള്ള അടങ്ങാത്ത കൗതുകവും പഠനവും പരിശ്രമവും തുടർന്നു. ഇന്ന് ഡോ. അജ്മലിന്റെ അപ്പോയിൻമെന്റ് ലഭിക്കാൻ മാസങ്ങൾക്ക് മുമ്പേ ശ്രമിക്കണം. മറ്റ് ചികിത്സാ വിഭാഗങ്ങൾ പരാജയപ്പെടുന്ന ഡിസ്ക് പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയ രംഗത്താണ് ഡോക്ടർ വിപ്ലവം സൃഷ്ടിക്കുന്നത്. ഒരു തവണ വന്നവരിലൂടെ അറിഞ്ഞ് കൂടുതൽ രോഗികൾ ഡോക്ടറെ തേടിയെത്തുകയായിരുന്നു. പേർഷ്യൻ, ഉറുദു ഭാഷകളിലൂടെയാണ് യുനാനി ചികിത്സ പഠിക്കാൻ പറ്റുന്നത്. പഠന സൗകര്യങ്ങളുടെ അപര്യാപ്തതയും കേരളത്തിൽ യുനാനിയെ വിദൂരതയിലാക്കി. ഉറുദു അദ്ധ്യാപകനായിരുന്ന പിതാവ് കെ.ടി.സി. ബീരാനിൽ നിന്നായിരുന്നു അജ്മൽ പഠനത്തിന് തുടക്കമിട്ടത്. സഞ്ചാരിയായിരുന്ന പിതാവിനൊപ്പം ഒരുപാട് നാട്ടുകാർ വീടിലേക്കെത്തും. ഇവരുമായുള്ള സമ്പർക്കവും യുനാനിയിലേക്ക് അടുപ്പിച്ചു.യുനാനി രംഗത്ത് കേരളത്തിൽ പുറത്ത് 45 മെഡിക്കൽ കോളേജുകളുണ്ട്. പതിനഞ്ച് കോളേജുകളിൽ എം.ഡിയും. എന്നാൽ അജ്മൽ ഡയറക്ടറായി കൈതപ്പൊയിലിലെ മർക്കസ് മെഡിക്കൽ കോളേജിൽ മാത്രമാണ് കേരളത്തിൽ യുനാനി പഠനമുള്ളത്. 65 യുനാനി ഡോക്ടർമാരാണ് പത്ത് വർഷത്തിനിടെ മലയാളികൾക്കിടയിലെത്തിയത്. ഇതിന്റെ തുടക്കമെല്ലാം ഡോ. അജ്മലിലൂടെയായിരുന്നു.
മുസ്ലീം വൈദ്യമായി മാത്രം മലയാളികൾ കണ്ട യുനാനിയ്ക്ക് ദില്ലിയിൽ ആയുർവേദത്തേക്കാൾ പരിഗണനയുണ്ട്.ആദ്യമായി കേരളത്തിൽ യുനാനി മരുന്ന് നിർമ്മാണപ്രവർത്തനം ആരംഭിച്ചത് ഡോ അജ്മലിന്റെ നേതൃത്വത്തിലാണ്. ഇന്നത് അറുന്നൂറ് തരം മരുന്നുകളുടെ ബൃഹത്തായ ഉത്പാദനമായി മാറി. ഇതിൽ 150 മരുന്നുകൾക്കും പേറ്റന്റ് നേടാനും കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഹെർമാസ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന യുനാനി ഹെർബൽ മരുന്നുകൾക്ക് രാജ്യമെങ്ങും വിപണിയുണ്ട്. 2000ത്തിൽ ജന്മനാട്ടിൽ മുക്കത്താണ് ഡോ. അജ്മൽ ഫാക്ടറി ആരംഭിച്ചത്. അത് പടർന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന മരുന്നുകളായി മാറി. സിറപ്പുകളും ചൂർണ്ണവും ലേഹ്യവും എണ്ണയും ഗുളികളുമൊക്കെയാണ് മരുന്നുകൾ. തുടക്കത്തിൽ അപൂർവം രോഗികളാണ് യുനാനിയെ ആശ്രയിച്ചിരുന്നത്. ഇന്ന് കല്ലായി റോഡിലെ ഡോ. അജ്മലിന്റെ കാലിക്കറ്റ് യുനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ കിടത്തി ചികിത്സയടക്കം സജീവമാണ്. കപ്പിംഗ് തെറാപ്പി, മസാജ്, സ്പെഷ്യൽ തെറാപ്പി എന്നിവയും ഇവിടെയുണ്ട്. യു.എ.ഇയിലെ അൽ ലുലു മെഡിക്കൽ സെന്ററിൽ വർഷത്തിൽ മൂന്നോ നാലോ തവണ അദ്ദേഹത്തിന്റെ പരിചരണമുണ്ടാകും. നാലായിരത്തോളം ഡോക്ടർമാർ ഇദ്ദേഹത്തിന് കീഴിൽ പരിശീലനം നേടിയിട്ടുമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും സേവനം തേടി ഡോക്ടർമാർ ഇവിടെ എത്താറുണ്ട്. അതിനിടെ സംസ്ഥാന സർക്കാരിന്റെ മികച്ച യുനാനി ഡോക്ടർക്കുള്ള പ്രഥമ പുരസ്കാരവും ഡോ. അജ്മലിനെ തേടിയെത്തി. വൈദ്യ രത്നം പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. രണ്ട് പതിറ്റാണ്ടായി കേരള യുനാനി മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്.കേരളത്തിലെ ആദ്യകാല ഉറുദു അദ്ധ്യാപകനായ കെ.ടി.സി ബീരാൻ മാസ്റ്ററുടെയും പരേതയായ കീരൻതോടിക കാനകുന്നത്ത് ഈയ്യാത്തൂട്ടി ഉമ്മയുടെയും മകനാണ് അജ്മൽ. സ്പ്രിംഗ് വുഡ് സ്കൂൾ പ്രധാന അദ്ധ്യാപിക ഷമീമയാണ് ഭാര്യ. മലേഷ്യയിൽ ഡിസൈനിംഗ് വിദ്യാർത്ഥിനിയായ അലീഫ, മർക്കസിൽ യുനാനി രണ്ടാം വർഷ വിദ്യാർത്ഥിനി നൗറ, പത്താം ക്ലാസ് വിദ്യാർത്ഥി സമാൻ എന്നിവരാണ് മക്കൾ. സന്തുഷ്ട കുടുംബത്തോടൊപ്പം കക്കാടംപൊയിലിലെ 35 ഏക്കറിൽ സുഗന്ധ വ്യഞ്ജനങ്ങളും പഴങ്ങളുമൊക്കെയായി ഹെർമസ് വാലിയും പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട്.