ചാലിയം: ചാലിയം മത്സ്യ ബന്ധന കേന്ദ്രത്തിൽ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനമായി. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫിഷ്‌ലാൻഡിംഗ് പരിപാലന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ മാറാട് മുതൽ പരപ്പനങ്ങാടി വരെയുള്ള വള്ളങ്ങൾക്കു മാത്രമേ പ്രവേശനം നൽകുകയുള്ളൂ. ഡബിൾ നെറ്റ് വല ഉപയോഗിക്കന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മത്സ്യത്തിന്റെ ചില്ലറ വില്പന കേന്ദ്രത്തിനുള്ളിൽ അനുവദിക്കുന്നതല്ല. വലയിൽ നിന്നു മത്സ്യം ഒഴിവാക്കുന്ന പ്രവൃത്തി കരയിൽ വച്ചു നടത്തുവാൻ പാടില്ല. ഫിഷ് ലാൻഡിംഗ് സെന്ററിൽ സർക്കാർ ഉത്തരവു പ്രകാരമുള്ള സുരക്ഷാ നടപടികൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ സി രമേശൻ, സിന്ധു പ്രദീപ്, പിലാക്കാട്ട് ഷൺമുഖൻ, പഞ്ചായത്ത് അംഗം ജമാൽ, ബേപ്പൂർ സി ഐ ടി എൻ സന്തോഷ് കുമാർ, ഫിഷറീസ് വകുപ്പ് പ്രതിനിധി പി നിഷാദ്, മത്സ്യഫെഡ് ഓഫീസർ കെ വൈദേഹി, തീരദേശ പൊലീസ് സ്റ്റേഷൻ സി ഐ പി അലി, എ എസ് ഐ എ എം സുധീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജ നോബിൾ, ജെ എച്ച് ഐ ഷൈജു, തുറമുഖ മാനേജ്‌മെന്റ് കമ്മിറ്റി അംഗം റാസിക് തുടങ്ങിയവർ പങ്കെടുത്തു.