
കോഴിക്കോട്: പരിശോധനങ്ങൾ കട്ടപ്പുറത്തായതോടെ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത കെട്ടിടങ്ങൾക്കെതിരായ നടപടി വൈകുന്നു. തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രീകരിച്ചതും ജീവനക്കാരുടെ കുറവുമാണ് പ്രവർത്തനങ്ങൾ വൈകാൻ കാരണം. ഇതിന്റെ മറവിൽ അനധികൃത പ്രവർത്തനങ്ങൾ തകൃതിയാണെന്നും ആക്ഷേപമുണ്ട്.
തുടർച്ചയായുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കർശനമാക്കിയ പരിശോധനകളാണ് ജില്ലയിൽ ഇപ്പോൾ നിർജീവമായത്. കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ഫയർഫോഴ്സിന്റെ കണ്ടെത്തൽ ഏറെ ഗൗരവമുള്ളതാണ്. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പകുതിയിലധികം കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായാൽ അണയ്‌ക്കാനുള്ള പ്രാഥമിക ഉപകരണങ്ങൾപോലും മിക്കയിടങ്ങളിലുമില്ല. ഉള്ളിടത്ത് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുകയോ നവീകരിക്കുകയോ ചെയ്‌തിട്ടില്ല. ടാങ്കുകളും ഫയർ ആൻഡ് സേഫ്‌റ്റിയ്‌ക്കുള്ള പമ്പുമുൾപ്പെടുയുള്ള ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. പലയിടങ്ങളിലും ഫയർ എക്‌സ്റ്റിഗ്യുഷർ പോലുമിഇല്ല. അലാറത്തിന്റെ അവസ്ഥയും ഇതുതന്നെ.
കെട്ടിട നമ്പർ കിട്ടിക്കഴിഞ്ഞാൽ സുരക്ഷയെ കുറിച്ച് ഉടമകൾ ചിന്തിക്കാറില്ല. വലിയ അപകടമുണ്ടായാലേ കാര്യമായ പരിശോധനയുണ്ടാകൂ. ഫയർ എൻ.ഒ.സി പുതുക്കുന്നതിലും പിന്തിരിപ്പൻ സമീപനാണുണ്ടാകുന്നത്.
ക്രമക്കേട് പിടിക്കാൻ ഫയർഫോഴ്സ്
ഫയർഫോഴ്സ് ഫയർ ഓഡിറ്റ് നടത്തി എൻ.ഒ.സി പുതുക്കാത്ത കെട്ടിടങ്ങൾ കണ്ടെത്തി നോട്ടീസ് നൽകും. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത കെട്ടിടങ്ങളുടെ പൂർണവിവരം സഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് റിപ്പോർട്ടും നൽകും. ലോക്ക് ഡൗണിലെ ക്രമക്കേടുകളെ കുറിച്ചും റിപ്പോർട്ട് നൽകും.
നടപടിയെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ
ക്രമക്കേടുകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നടപടിയെടുക്കേണ്ടത്. പക്ഷേ കാര്യായ നടപടികളില്ലാത്തതിനാൽ ക്രമക്കേടുകൾ കൂടുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഫയർഫോഴ്സിന് അധികാരമില്ല.