കോഴിക്കോട്: പൊലീസ്, സർക്കാർ, സർക്കാരിതര സംവിധാനങ്ങളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയ്‌ക്ക് കീഴിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ജില്ലയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 62 കുട്ടികളിൽ 58 പേർക്കും മികച്ച ഗ്രേഡ് ലഭിച്ചു.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹിക വെല്ലുവിളികൾ തുടങ്ങിയവ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുകയോ ചെയ്ത കുട്ടികളെ കണ്ടത്തി പ്രത്യേക പരിശീലനം നൽകി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് ഹോപ്പ് പദ്ധതി. നോഡൽ ഓഫീസറായ ഐ.ജി പി. വിജയന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ബ്രിൻഷ, ശശികല, മിനി റോഷൻ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
ഹോപ്പ് പദ്ധതിക്കായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഹോപ്പ് മാന്വൽ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും മാസങ്ങൾ നീണ്ട പരിശീലനമൊരുക്കിയത്. രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എല്ലാ ജില്ലകളിലും അഡിഷണൽ എസ്.പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിക്കും. എല്ലാ ജില്ലകളിലും പ്രത്യേകം പരിശീലിപ്പിച്ച അദ്ധ്യാപകരുടെ പൂളും തയ്യാറാക്കും. വിജയിച്ച കുട്ടികൾക്ക് ഉന്നതപഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് ഐ.ജി പി. വിജയൻ അറിയിച്ചു.

'ഹോപ്പിന്റെ" കണക്കുകൾ

 പദ്ധതിയിലൂടെ പരീക്ഷയെഴുതിയവർ- 522

 വിജയിച്ചവർ- 465

 ജില്ലയിൽ പരീക്ഷ എഴുതിയവർ- 62

 ജില്ലയിൽ മികച്ച ഗ്രേഡ് നേടിയവർ- 58

 ശ്രദ്ധയും പരിരക്ഷയും വേണ്ട 2000 കുട്ടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും