fruits

കോഴിക്കോട്: പൊലീസ് തങ്ങളോടെ മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്ന് വഴിയോര കച്ചവട യൂണിയനുകളുടെ സംയുക്ത യോഗം ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മറയാക്കിയാണ് വഴിയോര കച്ചവടക്കാർക്ക് പീഡനം നേരിടേണ്ടി വരുന്നത്. മിഠായിത്തെരുവിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്ക് കൊവിഡ് നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടവും കോർപ്പറേഷൻ അധികൃതരും അനുമതി നൽകിയിട്ടും പൊലീസ് തടയുകയാണ്. മൂന്ന് മാസമായി വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന കച്ചവടക്കാരോടുള്ള പൊലീസിന്റെ പക്ഷപാതപരമായ നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഇത് തുടർന്നാൽ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. സി.പി. സുബൈർ, കെ. പ്രജീഷ് (സി.ഐ.ടി.യു), പി.പി. മാമുക്കോയ, എം. ആറ്റക്കോയ (ഐ.എൻ.ടി.യു.സി), പി.കെ. നാസർ (എ.ഐ.ടി.യു.സി), വി.പി. ഉസ്മാൻ, ഫൈസൽ പള്ളിക്കണ്ടി (എസ്.ടി.യു) എന്നിവർ യോഗത്തിൽ പങ്കെടുത്തു.