കോഴിക്കോട്: കനത്ത മഴ തുടരുന്ന ജില്ലയിൽ ഇന്നും എല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴ ഇന്നലെയും തുടർന്നു. എന്നാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നും ജില്ലയിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. യെല്ലോ അലർട്ട് ഇന്നും തുടരും.
ശക്തമായ മഴയുടെ സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത വർദ്ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രതാനിർദ്ദേശം നൽകി.
ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോരങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും. അപകടാവസ്ഥയിൽ കഴിയുന്നവരെ മാറ്റി താമസിപ്പിക്കുന്നതിനും അധികൃതർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പൊലീസ്, വനം വകുപ്പ്, ഫയർ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദ്ദേശം നൽകണം.