അമ്പലവയൽ: വൈദ്യുതി ലൈനിലെ ജോലിയ്ക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചെറുവയൽ മൂന്നുപടിയിൽ സുരേഷ് ബാബുവിനാണ് (ഓജോ, 36) ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് കുപ്പക്കൊല്ലി എടയ്ക്കൽ ട്രാൻസ്‌ഫോർമറിന് കീഴിലുള്ള എൽ.ടി ലൈനിൽ പണിയെടുക്കുന്നതിനിടയിലാണ് സംഭവം. ലൈൻ ഓഫാക്കി എർത്ത് ചെയ്ത ശേഷം പണി തുടങ്ങിയതായിരുന്നു. സമീപത്തെ വീടുകളിലെ ഇൻവെർട്ടറുകളിൽ നിന്നോ മറ്റു വൈദ്യുതചാലകങ്ങളിൽ നിന്നോ ന്യൂട്ടർ ലൈൻ വഴി വൈദ്യുതി പ്രവഹിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.
ഭാര്യ: സുജ. മക്കൾ: സൂര്യദേവ്, ദേവനന്ദ.