കൽപ്പറ്റ: പച്ചക്കറി വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾ, സ്‌കൂളുകൾ, പൊതു സ്വകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരെ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

218.465 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഇതോടൊപ്പം മരുന്ന് തളിക്കുന്നതിന് 1500 രൂപ സബ്സിഡിയോടെ 50 സ്‌പ്രേയറുകളും 25 ഗ്രോബാഗുകൾ വീതമുള്ള 1000 ഗ്രോബാഗ് യൂണിറ്റുകളും വിതരണം ചെയ്യും.

വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പക്കുന്നതിനായി ക്ലസ്റ്ററുകൾക്ക് ഹെക്ടറിന് 20000 മുതൽ 25000 രൂപ വരെ ധനസഹായം നൽകും. പന്തൽ ഇനങ്ങൾക്ക് ഹെക്ടറിന് 25000 രൂപയും പന്തൽ ആവശ്യമില്ലാത്തവർക്ക് 20000 രൂപയും ശീതകാല പച്ചക്കറി വ്യാപനത്തിന് 30000 രൂപയും തരിശുകൃഷി വ്യാപിപ്പിക്കുന്നതിന് 40000 രൂപയും ധനസഹായം നൽകും. നൂറ് സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മഴമറയ്ക്ക് പരമാവധി 50000 രൂപ വരെ സഹായം നൽകും. തനത് പച്ചക്കറികളുടെ വിത്ത് ഉൽപാദനത്തിന് ഹെക്ടറിന് 25000 രൂപ ധനസഹായവും ഗ്രോബാഗ് യൂണിറ്റുകൾ, മിനി ഡ്രിപ്പ് യൂണിറ്റുകൾ എന്നിവക്ക് സബ്സിഡിയും നൽകും. പദ്ധതിയുടെ വിവരങ്ങൾ അതത് കൃഷിഭവനുകളിൽ നിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.


ആഴ്ചച്ചന്തകൾക്ക് ധനസഹായം

കൽപ്പറ്റ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിൽ ആഴ്ചച്ചന്തകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ധനസഹായം നൽകുന്നു. കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ആഴ്ചച്ചന്തകൾ നടത്തുക. നിലവിലുളള ആഴ്ചച്ചന്തകളുടെ പുനരുദ്ധാരണം, പുതിയ ചന്തകളുടെ രൂപീകരണം എന്നിവയ്ക്കായി ആർ.കെ.വി.വൈ പദ്ധതിയിൽ നിന്ന് ചന്തയൊന്നിന് 40,000 രൂപ ധനസഹായമായി നൽകും. നിലവിൽ ആഴ്ചച്ചന്തകൾ രൂപീകരിക്കാത്ത ഗ്രാമപഞ്ചായത്തുകൾ പദ്ധതി പ്രകാരം അവ രൂപീകരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അിറയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് കൃഷി ഓഫീസർമാരെ സമീപിക്കാം.