അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും രജിസ്റ്റർ ചെയ്യണം
മുത്തങ്ങ വഴി എത്തിയത് 32575 പേർ
കൽപ്പറ്റ: വിദശത്തു നിന്നെത്തുന്നവർ നിർബന്ധമായും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ എത്തിയ ചില ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുണ്ടെന്ന് കാണിക്കുകയും രജിസ്റ്റർ ചെയ്യാതെ നാട്ടിലെത്തുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിടുണ്ട്. അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ സെന്ററുകളിൽ നാശനഷ്ടങ്ങൾ വരുത്തുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസ്സെടുക്കുമെന്നും കളക്ടർ പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് പാസ് ആവശ്യമില്ലെങ്കിലും അവരും നിർബന്ധമായും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ആരോഗ്യ വിഭാഗത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. മുത്തങ്ങയിലെ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിലൂടെ ഇതുവരെ 32575 പേരാണ് കടന്ന് പോയത്. വെളളിയാഴ്ച്ച മാത്രം 546 പേർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
സാംക്രമിക രോഗങ്ങൾ
ജനങ്ങൾ ജാഗ്രത പുലർത്തണം
കൽപ്പറ്റ: കൊവിഡ് പ്രതിരോധം പോലെ തന്നെ പ്രാധാന്യമുളളതാണ് എലിപ്പനി,ഡെങ്കിപ്പനി പോലുളള സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളെന്ന് ജില്ലാ കളക്ടർ.
ഈ വർഷം ജില്ലയിൽ 168 ഡെങ്കി പനി കേസുകൾ സംശയാസ്പദമായി വന്നിട്ടുണ്ട്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാമെങ്കിലും കേസുകൾ കൂടുന്നത് ആശ്വാസ്യകരമല്ല. ഈ സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾക്കെതിരെയും കടുത്ത ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു.
രോഗം പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിന് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തണം. വെള്ളം കെട്ടിക്കിടന്ന് കൂത്താടികൾ പെരുകുന്നത് തടയണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
സംശയാസ്പദമായ എലിപ്പനി 110 കേസുകൾ
46 കേസുകൾ സ്ഥിരീകരിച്ചു
ഒരു മരണം
168 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകൾ
32 കേസുകൾ സ്ഥിരീകരിച്ചു
കൃഷിയിടങ്ങളിലിറങ്ങുന്നവരും തൊഴിലാളികളും മുൻകരുതലെടുക്കണം. വിനോദത്തിനായും മീൻപിടിക്കാനും മറ്റും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങുന്നവരും എലിപ്പനി ജാഗ്രത പുലർത്തണം. പനി പോലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം. ഡോക്സിസൈക്ലിൻ പോലുള്ള പ്രതിരോധ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിലേക്ക് കൂടുതൽ രോഗികൾ വരുന്നത് പ്രയാസങ്ങൾ സൃഷ്ടിക്കും. സ്വയം പ്രതിരോധ പ്രവർത്തനത്തിൽ പൊതുജനങ്ങൾ വ്യാപൃതരാവണം.
വയോജനക്ഷേമത്തിന് പദ്ധതിക്ക് തുടങ്ങി
കൽപ്പറ്റ: നീതി ആയോഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ദാദദാദി നാനനാനീ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനുമായി സീനിയർ സിറ്റിസൺ ഫോറം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. കുടുംബശ്രീ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഗ്രാന്റ് കെയർ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ലോക്ക്ഡൗൺ സാഹചര്യത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വീടുകളിലെത്തി പരിശോധിക്കുന്നതിനായി വളണ്ടിയർമാരെ നിയമിക്കും. നെഹ്റു യുവ കേന്ദ്ര, റെഡ്‌ക്രോസ്സ് എന്നിവരാണ് സന്നദ്ധരായ വളണ്ടിയർമാരെ പദ്ധതിക്കായി നല്കുന്നത്. ഇവർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കും. പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തി വയോജനങ്ങളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ജില്ലാ ഭരണകൂടത്തെ അറിയിക്കും. ചികിത്സ ആവശ്യമുള്ള വയോജനങ്ങൾക്ക് അത് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
വയോജനങ്ങൾക്കായി ഫേസ്ബുക്ക് പേജ് ആരംഭിച്ച് വിവിധ ബോധവത്കരണ വീഡിയോകളും, വയോജനങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളും ഇതു വഴി പങ്ക്‌വെക്കും. വയോജനങ്ങളുടെ സംശയങ്ങളും, പ്രശ്നങ്ങളും, ആവശ്യങ്ങളും പേജിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഡോക്ടർ, അദ്ധ്യാപകൻ, കുടുംബശ്രീ പ്രവർത്തക, കർഷകൻ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരാണ് ജില്ലയിൽ പദ്ധതിയുടെ പ്രതിനിധികൾ. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിങിന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എം.കെ. മോഹനദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻച്ചാർജ് സുഭദ്ര. എസ്. നായർ, വിവിധ മേഖലകളിലെ വയോജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം
കൽപ്പറ്റ: കൃഷി വകുപ്പ് സുഭിക്ഷ കേരളം മിഷന്റെ ഭാഗമായി കല്പറ്റ മണ്ഡലത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങ് സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 10 രൂപ വിലയുള്ള രണ്ട് ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകൾ കൃഷിഭവനുകൾ വഴി സൗജന്യമായി വിതരണം ചെയ്യും. ഒരു മാസത്തിനുള്ളിൽ സൗജന്യമായി 15 ലക്ഷം പച്ചക്കറിത്തൈകളും സൗജന്യ നിരക്കിൽ 1000 യൂണിറ്റ് പച്ചക്കറി ഗ്രോബാഗുകളും വിതരണം ചെയ്യും.