img302007
നെൽപാടങ്ങളായി മാറിയ പറമ്പുകൾ മുക്കം നഗരസഭ ചെയർമാനും സംഘവും സന്ദർശിക്കുന്നു

മുക്കം: "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കു"മെന്ന ചൊല്ല് ഏവർക്കും സുപരിചിതം. കേട്ടു പഴകിയ ഈ ചൊല്ലിനു പകരം ബദൽ രചിച്ചിരിക്കുകയാണ് മുക്കത്തുകാർ; "വേണമെങ്കിൽ നെല്ല് പറമ്പിലും വിളയും".

വെറുതെ ചൊല്ലുകയല്ല, ഇത് അന്വർത്ഥമാക്കുന്നതിന്റെ ഫലം ഇവിടെ കണ്ടുതുടങ്ങി. ഒന്നും രണ്ടുമല്ല, ഏതാണ്ട് 42 ഏക്കറിലാണ് ഇവിടെ പറമ്പുകളിൽ കരനെൽകൃഷി തഴയ്ക്കുന്നത്.

നെൽവയലുകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഏർപ്പാട് പൊതുവെ നേരത്തെ തുടങ്ങിയതാണ്. താങ്ങാനാവാത്ത കൃഷിച്ചെലവ് കാരണം പാടത്തു നിന്ന് പിന്തിരിഞ്ഞ കർഷകരും കുറച്ചൊന്നുമല്ല. സുഭിക്ഷ കേരളം പദ്ധതിയിൽ കരനെൽ കൃഷിക്ക് ഊന്നൽ വന്നതോടെ സ്ഥിതി മാറി. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ വലിയ ചെലവില്ലാതെ തന്നെ കൃഷി ചെയ്യാമെന്നതാണ് കരനെൽ കൃഷിയുടെ മെച്ചം.

നിലമൊരുക്കൽ

പൊടിമഴയിൽ

ജില്ലയിൽ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന കരനെൽകൃഷി പിന്നീട് അപൂർവമായി മാറിയതായിരുന്നു. സുഭിക്ഷ കേരളം പദ്ധതി വന്നപ്പോൾ കരനെൽകൃഷിയിൽ ഒരു കൈ നോക്കാൻ പുതുമുറക്കാരും രംഗത്തെത്തി. പ്രോത്സാഹനവുമായി മുക്കം നഗരസഭയും കൃഷിഭവനും ഒപ്പമുണ്ട്.

കാലവർഷം തുടങ്ങുന്നതിന് മുൻപുള്ള പൊടിമഴയിൽ വേണം നിലമൊരുക്കി വിത്തെറിയാൻ. ഓരോ പ്രദേശത്തും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി. യന്ത്രസാമഗ്രികളുമുണ്ട് ഈ ഗ്രൂപ്പുകൾക്ക്. ചലച്ചിത്ര പ്രവർത്തകൻ വിനോദ് മണാശേരി, പൊതുപ്രവർത്തകൻ കെ.മോഹനൻ എന്നിവർ നേതൃനിരയിലുണ്ട്. സാങ്കേതികസഹായത്തിന് കൃഷി ഓഫീസർ ഡോ. പ്രിയ മോഹനും കൃഷിഭവൻ ജീവനക്കാരും. നിലമാരുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും കൂടിയിരുന്നു.

പ്രതിരോധശേഷി കൂടിയ ജ്യോതി, ഔഷധഗുണമുള്ള രക്തശാലി, നവര ഇനങ്ങളിൽ പെട്ട വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നൂറുമേനി വിളവ് ലഭിക്കുന്നതും രോഗബാധ കുറവുള്ളതുമാണ് ഇവയെല്ലാം. വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാൽ പോഷകസമൃദ്ധവുമാണ്.

110 ദിവസത്തിനകം

വിളവെടുപ്പ്

കരനെൽ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് 110 ദിവസത്തിനകം നടത്താം. കിട്ടുന്ന വൈക്കോലത്രയും ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ മുഖേന മുക്കം നഗരസഭയുടെ ക്ഷീരനഗരം പദ്ധതി ഗുണഭോക്താക്കൾക്ക് നൽകും.

കരനെൽ കൃഷിയിലൂടെ പച്ചപ്പാടങ്ങളായി മാറിയിരിക്കുകയാണ് പറമ്പുകൾ. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന കൃഷിയിടങ്ങൾ സന്ദർശിച്ചിരുന്നു.