covid

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയായി ഉയർത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുരോഗങ്ങളുടെ ചികിത്സയ്ക്കൊപ്പം ഗുരുതര കൊവിഡ് കേസുകൾക്കും മെഡിക്കൽ കോളേജ് ആശുപത്രി ഉപയോഗിക്കും. കൊവിഡ് രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ ചികിത്സിക്കും.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 3000 പേരെ ചികിത്സിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കും. സ്വകാര്യ മേഖലയിലേതുൾപ്പെടെ കുറച്ച് ആശുപത്രികളെ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കും. ആശുപത്രികളിലെ ഒ.പി തിരക്ക് നിയന്ത്രിക്കാൻ ഇ-ഹെൽത്ത് പ്രോഗ്രാം ഉടൻ നടപ്പാക്കും. രോഗികൾക്ക് വീട്ടിൽ ചികിത്സ ലഭ്യമാക്കും. എല്ലാവരും ടെലി മെഡിസിൻ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിലെ 25 ആശുപത്രികളെ ബന്ധിപ്പിച്ച് ഇ-ഹെൽത്ത് സംവിധാനം ഒരുക്കും. സജ്ജീകരണചെലവിലേക്കായി എം.എൽ.എമാർ 25 ലക്ഷം രൂപ നൽകും.
ആളുകളിൽ കൊവിഡ് രോഗപ്രതിരോധ ജാഗ്രത കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ല. വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണാതീതമായി ആളുകൾ കയറുന്നതും ദോഷം ചെയ്യും. വളന്റിയർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും സേവനം ഉപയോഗിക്കും.
എം.എൽ.എമാരായ പി.ടി.എ. റഹിം, പുരുഷൻ കടലുണ്ടി, കാരാട്ട് റസാക്ക്, പാറക്കൽ അബ്ദുള്ള, സി.കെ. നാണു, ഇ.കെ. വിജയൻ, കെ. ദാസൻ, എ. പ്രദീപ് കുമാർ, വി.കെ.സി. മമ്മദ് കോയ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസര്‍ ഡോ. വി. ജയശ്രീ എന്നിവർ പങ്കെടുത്തു.