കോഴിക്കോട്: 'ജലജീവൻ" പദ്ധതിയിലൂടെ ബാലുശേരി മണ്ഡലത്തിലെ 2250 വീടുകളിൽ ആദ്യ ഘട്ടത്തിൽ വെള്ളമെത്തും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുരുഷൻ കടലുണ്ടി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ബാലുശേരി പഞ്ചായത്തിലെ 1,800 കുടുംബങ്ങൾക്കും ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ 400 കുടുംബങ്ങൾക്കും കായണ്ണ ഗ്രാമപഞ്ചായത്തിൽ 50 കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ്, വടകര വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ ടി.കെ. സുരേഷ്‌കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ടി. രവീന്ദ്രൻ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.