ഫറോക്ക്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ട്രേഡ് യൂണിയൻ കൗൺസിൽ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിലെ നൂറിലേറെ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. ഫറോക്കിൽ റെയിൽവേ സ്റ്റേഷൻ, പോസ്റ്റോഫീസ്, ബാങ്ക് മാൾ പരിസരം, ബസ് സ്റ്റാന്റ്, കോമൺവെൽത്ത് ഓട്ടുകമ്പനി , നല്ലൂരങ്ങാടി തുടങ്ങി 10 കേന്ദ്രങ്ങളിൽ സമരം നടന്നു. റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഒ.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ബസ്‌സ്റ്റാന്റ് പരിസരത്ത് എം.എ.ബഷീർ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാൾ പരിസരത്ത് വിജയകുമാർ പൂതേരിയും പോസ്റ്റോഫീസിന് മുന്നിൽ എം.ഗോപാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകരയിൽ 23 കേന്ദ്രങ്ങളിൽ സമരം നടന്നു. ബസ് സ്റ്റാന്റിന് മുന്നിൽ സി.പി.എം ഫറോക്ക് ഏറിയ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. സുരഭി മാളിന് മുന്നിൽ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്തും രാമനാട്ടുകര അങ്ങാടിയിൽ കൃഷ്ണൻ പൊറക്കുറ്റിയും സമരം ഉദ്ഘാടനം ചെയ്തു.
കടലുണ്ടിയിൽ ചാലിയം, വട്ടപ്പറമ്പ്, കോട്ടക്കടവ്, ബോധിനി, മണ്ണൂർ റെയിൽ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കേന്ദ്രങ്ങളിലും സമരം നടന്നു. പഞ്ചായത്ത് തല ഉദ്ഘാടനം കടലുണ്ടി ടൗണിൽ സി.രാധാഗോപി നിർവഹിച്ചു.
ചെറുവണ്ണൂരിൽ മധുര ബസാർ, കുണ്ടായിത്തോട്, അരീക്കാട്, നല്ലളം എന്നീ 15 ഓളം കേന്ദ്രങ്ങളിൽ സമരം നടന്നു. മധുര ബസാറിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കുണ്ടായിത്തോട് അങ്ങാടിയിൽ സ്വർണലത ഉദ്ഘാടനം ചെയ്തു.
ബേപ്പൂരിൽ 5 കേന്ദ്രങ്ങളിൽ സമരം നടന്നു. ജങ്കാർ പരിസരത്ത് കെ.വി മുസ്തഫയും ബേപ്പൂർ അങ്ങാടിയിൽ ടി.ഉണ്ണിക്കൃഷ്ണനും പുളിമുട്ടിൽ കെ.പി ഹുസയിനും നടുവട്ടത്ത് ഹെഗലും ഉദ്ഘാടനം ചെയ്തു. ബേപ്പൂർ സഹകരണ ബാങ്ക് പരിസരത്ത് നടന്ന സമരം എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.