ചേമഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ രാജസ്ഥാൻ സ്വദേശിയായ അംരഥിന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ടി.വി സമ്മാനിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണിവർ.
25 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ നിന്ന് കേരളത്തിലെത്തിയ ഭീമാ രാമിന്റെയും ലീലയുടെയും മകനാണ് അംരഥ്. ആദ്യകാലങ്ങളിൽ വെങ്ങളം ബൈപാസിന് സമീപം പ്രതിമ നിർമ്മാണത്തിലൂടെ വരുമാനം കണ്ടെത്തിയ കുടുംബം പൂക്കാട് ഹൈവേക്ക് സമീപമാണ് താമസിക്കുന്നത്. ആറു കുടുംബങ്ങളിലായി 38 പേർ താമസിക്കുന്ന ഇവിടെ 15 വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനത്തിന് അവസരമില്ലാതിരുന്നത്. എന്നാൽ അംരഥിന് കിട്ടിയ സമ്മാനം ഇവർക്കും അനുഗ്രഹമാകും. മറ്റു കുട്ടികൾക്കും പഠിക്കാൻ സഹായകരമായ ടി.വി നൽകിയതിൽ സുബ്രഹ്മണ്യനോട് നന്ദിയുണ്ടെന്നും അംരഥിന്റെ ബന്ധുവായ മഹേഷ് പറഞ്ഞു. ഡി.സി.സി അംഗം വിജയൻ കണ്ണഞ്ചേരി, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, കെ.കെ. ഫാറൂഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ തിരുവങ്ങൂർ എന്നിവർ പങ്കെടുത്തു.