muslim-league-flag

കോഴിക്കോട്: അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യത്തിന് നീങ്ങുന്നതിനെതിരെ ജില്ലയിൽ മുസ്ളിം ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. യൂത്ത് ലീഗും ഇ.കെ.വിഭാഗം സമസ്തയും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിറകെ ലീഗ് അണികളിലെയും എതിർപ്പ് മറനീക്കി പുറത്തുവരികയാണ്. വൈകാതെ പാർട്ടി വേദികളിൽ അമർഷത്തിന്റെ ശബ്ദമുയരുമെന്നാണ് സൂചന.

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ ലീഗിന് നഷ്ടം മാത്രമായിരിക്കുമെന്ന വിലയിരുത്തലാണ് ഇവരുടേത്. എതിർപ്പിന്റെ സ്വരമുയർത്തുന്നവരുടെ വാദം ഇങ്ങനെ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായുള്ള സഖ്യത്തിൽ വെൽഫെയർ പാർട്ടിയ്ക്ക് ഏതാനും സീറ്റുകൾ ലഭിച്ചത് ആ കക്ഷിയുടെ മികവ് കൊണ്ടല്ല. മറിച്ച്, മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ലീഗ് വിരുദ്ധ വോട്ടുകൾ ഏകോപ്പിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണത്. ഇടതുമുന്നണിയ്ക്ക് ഒരു സാഹചര്യത്തിലും ജയിക്കാൻ സാദ്ധ്യതയില്ലാത്ത സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികൾ ജയിച്ചു കയറുകയായിരുന്നു. മുക്കം നഗരസഭയിലും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലും ഈ പരീക്ഷണം നടപ്പാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓടി നടന്നവരാണ് വെൽഫെയർ പാർട്ടി പ്രവർത്തകർ. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം വെൽഫെയർ പാർട്ടിയുടെ ഒരു അജണ്ടയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിക്കൊടുത്തില്ല. 'ഗെയിൽ' വിരുദ്ധ സമരത്തോടെ പ്രവർത്തകർ എതിർചേരിയിലേക്ക് എത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണിയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ചാൽ അണികളിൽ ചോർച്ചയുണ്ടാവുമെന്ന് അവർക്ക് നന്നായി അറിയാം. ലീഗ് വഴി യു.ഡി.എഫിലെത്താനാണ് വെൽഫെയർ പാർട്ടിയുടെ ശ്രമം. മുസ്ളിം സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള മുസ്ളിം ലീഗിനായിരിക്കും ഈ കൂട്ടുകെട്ട് ആത്യന്തികമായി ദോഷം ചെയ്യുക.

ഇരുമുന്നണികളും അകറ്റിനിറുത്തിയാൽ വെൽഫെയർ പാർട്ടിയ്ക്ക് യാതൊരു പ്രസക്തിയുമുണ്ടാവില്ലെന്ന കാഴ്ചപ്പാടാണ് സഖ്യവിരുദ്ധർക്ക്.