കോഴിക്കോട്: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നഗരത്തിൽ നിയന്ത്രണം കടുപ്പിച്ചു. രോഗം സ്ഥിരീകരിച്ച വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനായ കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നാല് പേർക്ക് രോഗലക്ഷണം കണ്ടതോടെ വലിയങ്ങാടിയിലും കൊളത്തറയിലും നിയന്ത്രണം ശക്തമാക്കി. വലിയങ്ങാടിയിലേക്ക് അവശ്യഘട്ടത്തിൽ മാത്രം പ്രവേശനം. പൊതു ഇടങ്ങളിൽ അനാവശ്യമായി കൂടിനിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു.

കഴിഞ്ഞമാസം 26നാണ് കൊളത്തറ സ്വദേശിയായ യുവാവ് കടയിലെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുപോയി. വ്യാപാരിയായ ഇയാളുടെ പിതാവും കടയിലുണ്ടായ ആറുപേരും നിരീക്ഷണത്തിലാണ്. പിതാവിന്റെ സ്രവ പരിശോധനാ ഫലം വരാനുണ്ട്. കൊവിഡ് സ്ഥിരീകരിച്ച യുവാവ് കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര ചെയ്തതായാണ് വിവരം. ആദ്യ സമ്പർക്ക പട്ടികയിൽ 20 ഓളം പേരും രണ്ടാമത്തേതിൽ 70നടുത്ത് ആളുകളുമുണ്ട്.
വലിയങ്ങാടിയിൽ ദിവസവും പകുതി കടകൾ മാറി മാറി തുറക്കുക, ഇതര സംസ്ഥാന ലോറികളുടെ എണ്ണം പാതിയാക്കുക, സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, ലോറിക്കാരുടെ വിവര ശേഖരണം എന്നിവ കർശനമാക്കി. ഇതര സംസ്ഥാന ലോറി ജീവനക്കാരുടെ കറങ്ങി നടത്തം നിരീക്ഷിക്കാനും നിർദ്ദേശം നൽകി. വാഹനങ്ങൾ പ്രവേശിക്കുന്നതിന് പാസ് നിർബന്ധമാക്കി. വാഹനങ്ങളുടെ വിശദമായ പട്ടിക തയാറാക്കും. ദിവസവും നാൽപ്പതിനായിരത്തിലധികം പേർ വലിയങ്ങാടിയിൽ വന്നു പോകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. സെൻട്രൽ മാർക്കറ്റിലും വലിയങ്ങാടിയിലും നിരവധി വാഹനങ്ങളും എത്താറുണ്ട്.

ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരുടെ സ്രവ സാമ്പിൾ പരിശോധനാ ഫലം വരാനുണ്ട്.