കോഴിക്കോട്: കോർപ്പറേഷനിലെ 44ാം ഡിവിഷനായ കുണ്ടായിത്തോട് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വാർഡിലെ പൊതുപ്രവേശന റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. അവശ്യവസ്തു വിതരണം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. അവശ്യഘട്ടത്തിലല്ലാതെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്ത് പോകുന്നതും പ്രവേശിക്കുന്നതും നിരോധിച്ചു. ഭക്ഷ്യ-അവശ്യവസ്തുക്കൾ കച്ചവടം ചെയ്യുന്ന കടകളുടെ പ്രവൃത്തി സമയം രാവിലെ എട്ട് മണിമുതൽ അഞ്ചു മണിവരെയാക്കി. വാർഡിന് പുറത്തുനിന്ന് അവശ്യവസ്തുക്കൾ വേണമെങ്കിൽ വാർഡുതല ദ്രുതകർമസേനയുടെ സഹായം തേടാം.
വാർഡിൽ താമസിക്കുന്നവരെ കോർപ്പറേഷൻ ആരോഗ്യവിഭാഗം നിരീക്ഷിക്കണം.
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂടുന്നതും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിലധികം പേർ നിൽക്കുന്നതും കർശനമായി നിരോധിച്ചു. പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണി വരെ വാർഡിലൂടെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് ഇളവുണ്ടാവും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ ഉത്തരവിൽ അറിയിച്ചു.