കുറ്റ്യാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ മകന് സമ്മാനവുമായി വരുന്ന പവിത്രനെ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും ഇന്നലെ ദുഃഖക്കടലിലായിരുന്നു. കായക്കൊടിയിലെ തെക്കിനാണ്ടി പവിത്രൻ (50) ദുബായ് വിമാനത്താവളത്തിലാണ് കുഴഞ്ഞു വീണ് മരിച്ചത്. പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മകന്റെ വിജയത്തിൽ സന്തോഷവാനായി വീട്ടിലേക്ക് മടങ്ങിയ പവിത്രന്റെ വേർപാടിന്റെ ഞെട്ടലോടെയാണ് നാട്.
നാട്ടിൽ സ്വർണപ്പണിക്കാരനായിരുന്ന പവിത്റൻ ജോലി കുറഞ്ഞതോടെയാണ് ദുബായിലേക്ക് പോയത്. ഏഴ് മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.
പണി പൂർത്തിയാവാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ബുധനാഴ്ച വീട്ടിലെത്തുമെന്ന് അറിയിച്ചതിനാൽ ക്വാറന്റൈനുള്ള സൗകര്യമൊരുക്കി കാത്തിരിക്കുകയായിരുന്നു ഭാര്യയും മൂന്നു മക്കളും. പവിത്രന്റെ വേർപാടിൽ കരഞ്ഞ് തകർന്ന ഭാര്യയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കണ്ണീരണിയുകയാണ് ബന്ധുക്കളും നാട്ടുകാരും. പവിത്രന്റെ കുടുംബത്ത ആശ്വസിപ്പിക്കാൻ നിരവധിപേർ ഇന്നലെ വീട്ടിലെത്തിയിരുന്നു.
കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അശ്വതി, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. സുമതി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ, കാവിലുമ്പാറ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, കുറ്റ്യാടി ബ്ലോക്ക് സെക്രട്ടറി പി.പി. ദിനേശൻ, കായക്കൊടി മണ്ഡലം പ്രസിഡന്റ് പി.പി. മൊയ്തു തുടങ്ങിയ നിരവധിപേർ വീട്ടിലെത്തി. പവിത്രന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പ്രവീൺകുമാർ ആവശ്യപ്പെട്ടു.