കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ട് പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കർണാടകയിൽ നിന്ന് ജൂൺ 25ന് ജില്ലയിലെത്തിയ 36 വയസ്സുള്ള കണിയാമ്പറ്റ സ്വദേശി, സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് കണ്ണൂരിലെത്തി അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്ന എള്ളുമന്ദം സ്വദേശി (29) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആദ്യത്തെയാൾ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടാമത്തെ വ്യക്തി അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 31 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 3438 സാമ്പിളുകളിൽ 2874 എണ്ണത്തിന്റെ ഫലം ലഭിച്ചതിൽ 2809 നെഗറ്റീവും 65 പോസിറ്റീവുമാണ്. 559 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 5474 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4396 ൽ 4359 നെഗറ്റീവും 37 പൊസിറ്റീവുമാണ്.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3355 ആളുകളെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും മറ്റ് ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആണ്. ഇതിൽ 65 പേർ രോഗമുക്തരായി.
237 പേർ പുതുതായി നിരീക്ഷണത്തിൽ
ആകെ 3539 പേർ നിരീക്ഷണത്തിൽ
343 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
325 പേർ പട്ടികവർഗ്ഗ വിഭാഗക്കാർ
36 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ
1910 പേർ കൊവിഡ് കെയർ സെന്ററുകളിൽ