കൽപ്പറ്റ: വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുകൂലമായാൽ ഉടൻ തന്നെ ഡി.എം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ. പറഞ്ഞു. ഡി.എം വിംസ് മെഡിക്കൽ കോളേജ് സർക്കാരിനു കൈമാറുന്നതിന് സന്നദ്ധത അറിയിച്ച് ജൂൺ അഞ്ചിന് ഡി.എം വിംസ് മാനേജിംഗ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ, കോളേജ് ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. സജീഷ്, ഡോ.കൃഷ്ണകുമാർ, കൊല്ലം മെഡിക്കൽ കോളേജിലെ ഡോ.അൻസാർ, കെ.എം.എസ്.സി.എൽ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥ്, ശ്രീകണ്ഠൻ നായർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനില എന്നിവർ അംഗങ്ങളാണ്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്. ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരും ഭൂരിപക്ഷമുള്ള വയനാട്ടിൽ വിദഗ്ധ ചികിത്സക്കായി മതിയായ സൗകര്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നല്ലൊരു ആരോഗ്യ സംവിധാനം അനിവാര്യമായ സാഹചര്യത്തിൽ കൂടിയാണ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതിന് പഠന റിപ്പോർട്ട് തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ മുന്നോട്ടു വന്നിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ചുണ്ടേലിൽ സ്ഥലം കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഇതിനിടെ യാണ് സ്വാശ്രയ മെഡിക്കൽ കോളേജായ ഡി.എം. വിംസ് സർക്കാറിനു കൈമാറാൻ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മെഡിക്കൽ കോളേജിനായി മടക്കിമലയിൽ സൗജന്യമായി സ്ഥലം ലഭിച്ചിരുന്നുവെങ്കിലും ഇവിടെ പരിസ്ഥിതി ലോലപ്രദേശമാണെന്ന് കണ്ടതിനെ തുടർന്ന് ചുണ്ടേൽ വില്ലേജിലെ ചേലോട് എസ്റ്റേറ്റിന്റെ അമ്പത് ഏക്കർ സ്ഥലം കണ്ടത്തി ഏറ്റെടുക്കുകയായിരുന്നു.