സുൽത്താൻ ബത്തേരി: സർക്കാർ ജീവനക്കാരെ കൊണ്ട് പോയ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതായി പരാതി. ബത്തേരി- പുൽപ്പള്ളി റൂട്ടിൽ സർക്കാർ ജീവനക്കാരുമായി സർവ്വീസ് നടത്തിയ ബസ്സാണ് തടഞ്ഞത്.
സമയക്രമം പാലിക്കാതെ സർവ്വീസ് നടത്തുന്നുവെന്ന് പറഞ്ഞാണ് സ്വകാര്യ ബസ് ജീവനക്കാർ വാഹനം തടഞ്ഞതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിൽ മറ്റ് യാത്രക്കാരെ കയറ്റാറില്ലെന്നും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഇതുവഴി സർവ്വീസ് നടത്തുന്ന ബസിന്റെ യാത്ര ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
ചെതലയം മുതൽ പുൽപ്പള്ളിവരെയുള്ള ഭാഗങ്ങളിലായാണ് സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയെ തടഞ്ഞ് യാത്ര തടസപ്പെടുത്തിയത്.
പുൽപ്പള്ളിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സിന്റെ യാത്ര തടസപ്പെടുത്തുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതിനെതിരെ എ.ടി.ഒ ജില്ലാ കളക്ടർക്ക് പരാതി നൽകി. തിങ്കളാഴ്ച മുതൽ പുൽപ്പള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സർവ്വീസുകൾ കൂടി ഉണ്ടായിരിക്കുമെന്ന് എ.ടി.ഒ അറിയിച്ചു. ജീവനക്കാർക്ക് നേരെയുണ്ടായ കൈയ്യേറ്റത്തിൽ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധിച്ചു.