ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാം; ഇതു വെറുതെ പഴമൊഴിയെന്നോണം പറയാനുള്ളതല്ല, പ്രയോഗത്തിൽ കാണിക്കാനുള്ളതാണെന്ന് അനുഭവസാക്ഷ്യങ്ങളോടെ തെളിയിക്കുകയാണ് രാമനാട്ടുകരയിലെ പറമ്പൻ ബഷീർ. മനസ് പൂർണമായും അർപ്പിച്ച്, നിശ്ചയദാർഢ്യത്തോടെ നീങ്ങിയാൽ ഏതു ലക്ഷ്യവും ഏറെ അകലെയാവില്ലെന്ന ഉറച്ച വിശ്വാസക്കാരനാണ് ഇദ്ദേഹം. ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത്. പിന്നീട് സൈന്യത്തിൽ ചേർന്ന് ഹവീൽദാറായത്. അതു കഴിഞ്ഞ് പ്രവാസകാലത്ത് തൊഴിൽ വിട്ട് ബിസിനസ് സംരംഭം തുടങ്ങുന്നത്, വൈകാതെ സ്വന്തം നാട്ടിൽ തന്നെ വ്യവസായത്തിലേക്ക് തിരിയുന്നത്.
ഇതിലെല്ലാറ്റിലുമുണ്ട് തോൽവിയുടെ രുചിയറിഞ്ഞ ശേഷമുള്ള വിജയത്തിന്റെ ഇരട്ടിമധുരം നുണയൽ. ഇന്നിപ്പോൾ ഈ 53-കാരന്റേതായി നാട്ടിൽ സ്ഥാപനങ്ങൾ പലതുണ്ട്. രാമനാട്ടുകര ഇൻഡസ്ട്രീസ്, സോഫ വേൾഡ്, അരിയല്ലൂരിലെയും വൈദ്യരങ്ങാടിയിലെയും പറമ്പൻ ഫർണിച്ചർ അങ്ങനെ നീളുന്നു. ഫൈബർ മിക്സ് ചെയ്തുള്ള, ദീർഘകാലം ഈടുനിൽക്കുന്ന ഫർണിച്ചർ ഗുജറാത്തിൽ നിന്നു ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയാണ് അടുത്തത്. അതിന്റെ ആലോചന പുരോഗമിക്കുകയാണ്.ഏതു ദൗത്യവും മടുപ്പോടെ ചെയ്യാതെ, ആസ്വദിച്ച് ചെയ്യുകയെന്നതാണ് ഇദ്ദേഹത്തിന്റെ നയം.
@ അതിജീവിക്കാം; കഠിനാദ്ധ്വാനത്തിലൂടെ
മനസ്സിൽ സ്വപ്നങ്ങളുണ്ടായതുകൊണ്ടു മാത്രമായില്ല. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടാവണം. പറമ്പൻ ബഷീർ ഇതു പറയുന്നത് ജീവിതത്തിൽ ഓരോ ഘട്ടവും കടന്നതിന്റെ ഓർമ്മകൾ കൂടി ചേർത്തുവെച്ചാണ്.
ബാല്യകാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഉപ്പ പറമ്പൻ കുഞ്ഞലവി ഹാജിയും ഉമ്മ ഖദീസ ഹജ്ജുമ്മയും സാധാരണ കർഷകർ. സ്കൂൾ വിട്ടുവന്നാൽ ജോലി ചെയ്ത് അവരെ തുണയ്ക്കാൻ കാര്യമായി ശ്രമിച്ചു. ഒപ്പം പഠിക്കാനുള്ള ചെലവിനു അത്യാവശ്യം വകയും കണ്ടെത്തി.മറ്റു പല കുട്ടികളും പിറന്നാളിന് മിഠായിയുമായി എത്തുമ്പോൾ സ്വന്തം പിറന്നാൾ എന്നാണെന്ന ധാരണ പോലുമുണ്ടായിരുന്നില്ല. പിന്നെ, അടുത്ത ചങ്ങാതി മാരാത്ത് സതീശിന്റെ പിറന്നാൾ നോക്കി അത് ഉറപ്പിക്കുകയായിരുന്നു. ഉമ്മ യുടെയും അവന്റെ അമ്മ സരസ്വേടത്തിയുടെയും പ്രസവം കൃത്യം ഒരാഴ്ച വ്യത്യാസത്തിലാണെന്ന് പറഞ്ഞതിന്റെ ഓർമ്മ വെച്ചാണത്.രാമനാട്ടുകര അങ്ങാടി മുതൽ നീലിത്തോട് വരെയും അക്കാലത്ത് കൃഷിയുണ്ടായിരുന്നു. ഭൂമി പാട്ടത്തിനെടുത്തായിരുന്നു ഉപ്പയുടെ കൃഷിപ്പണി. പഠിക്കുന്ന കാലത്ത് പരിസരത്തെങ്ങാനും പുര പണി നടക്കുമ്പോൾ ഓടും കല്ലും മറ്റു കടത്താൻ കൂടിയാണ് ബഷീറും ചങ്ങാതിമാരും അത്യാവശ്യം വരുമാനമുണ്ടാക്കിയത്.
പലർക്കും കൊടുംദാരിദ്ര്യം അനുഭവിക്കേണ്ടി വന്ന അടിയന്തരാവസ്ഥ കാലവും ബഷീറിന്റെ ഓർമ്മകളിൽ മങ്ങാതെയുണ്ട്.കൃഷിപ്പണിയുണ്ടായിരുന്നതിനാൽ വീട്ടിൽ ഭക്ഷണത്തിന് അത്ര മുട്ടുണ്ടായിരുന്നില്ല. ആടിന് കൊടുക്കാനെന്ന് പറഞ്ഞ് മിക്ക ദിവസവും അയൽവാസികളിലൊരാൾ കഞ്ഞിവെള്ളം കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. യാദൃച്ഛികമായി കളിക്കൂട്ടുകാരൻ ആ കഞ്ഞിവെള്ളം കുടിക്കുന്നത് കണ്ടു. ഇത് അറിഞ്ഞതോടെ ആ വെള്ളം കഞ്ഞി തന്നെയാക്കാൻ തുടങ്ങുകയായിരുന്നു ഉമ്മ. ദാരിദ്ര്യത്തിന്റെ ആ കാലമാണ് പിന്നീട് പ്രതിസന്ധികളെ മറി കടക്കാനുള്ള ഊർജ്ജം നിറച്ചതെന്ന് ബഷീർ പറയുന്നു.
@ സേനയിലേക്ക് കടക്കാൻ നിമിത്തം ഫുട്ബാൾ
ആദ്യം 1982-ൽ പത്താം ക്ലാസ് പരീക്ഷയെഴുതിയപ്പോൾ തോൽവിയായിരുന്നു. പക്ഷേ, ആ തോൽവിയോടെ വാശിയായി. പഠിച്ച് ജയിക്കുമെന്ന് മനസ്സിലുറപ്പിച്ചു. രണ്ട് വർഷത്തോളം കഷ്ടപ്പെട്ട് പണി ചെയ്യുന്നതിനിടയിൽ കളരിക്കൽ സ്കൂളിൽ വൈകുന്നേരങ്ങളിൽ ചെന്നിരുന്ന് പഠിച്ചു. കടുകട്ടിയായിരുന്ന ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ഒടുവിൽ പുഷ്പം പോലെ മറികടന്നു.വൈകാതെ സൈന്യത്തിലേക്ക് എത്തിയതിന് പിന്നിലും രസകരമായ കഥയുണ്ട്. ഫുട്ബാൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ പലരും പറയും... ഇവന്റെ ബോഡി ബെസ്റ്റ്, പട്ടാളത്തിൽ ചേർന്നൂടേ.... പട്ടാളത്തെ കുറിച്ച് അന്ന് കാര്യമായ ധാരണയൊന്നുമില്ല. പക്ഷേ, പട്ടാളം മനസ്സിൽ വല്ലാതെ അങ്ങ് ഉടക്കി. വെസ്റ്റ്ഹില്ലിൽ റിക്രൂട്ട്മെന്റിന് രണ്ട് തവണ പോയപ്പോഴും കയറിക്കൂടാനായില്ല. അതോടെ വാശി കൂടിയതേയുള്ളൂ. മൂന്നാം തവണ തലേന്ന് രാത്രി തന്നെ അവിടെയെത്തി പേപ്പറും വിരിച്ച് കിടന്ന് സ്ഥലം ഉറപ്പിച്ചു. അത്തവണ ടെസ്റ്റ് ജയിച്ചു കയറി.ഗോവയിൽ ട്രെയ്നിംഗ് കഴിഞ്ഞ്. ടെക്നിക്കൽ ട്രെയ്നിംഗ് സി.സി.ടി.ആർ യിൽ നിന്ന് പൂർത്തികരിച്ച് പട്ടാളത്തിൽ കോർ ഒാഫ് സിഗ്നൽസ് വിഭാഗത്തിൽ (വാർത്താവിനിമയം) ഒാപ്പറേറ്ററായി നിയമനം ലഭിച്ചു. വളരെ വേഗത്തിൽ ടെക്നിക്കൽ ട്രേഡ് വിഭാഗത്തിൽ നിന്ന് പ്രൊമോഷനിലൂടെ നാട്ടിലെ തത്തുല്യ എൻജിനിയറിംഗ് വിഭാഗത്തിലെ ഒ.ആർ.കെ യിൽ പ്രവേശിച്ചു. മൂന്ന് തവണ പ്രൊമോഷന് അർഹനായി. ഹവീൽദാറായാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്. ഇതിനിടെ, പ്ലസ് ടുകാരി സുനീറ കള്ളിയിൽ ജീവിതസഖിയായി. ഭാര്യാപിതാവ് സ്കൂൾ പ്രധാനാദ്ധ്യാപകൻ കള്ളിയിൽ ഹൈദർ മാസ്റ്ററിന്റെ നിർദ്ദേശമനുസരിച്ച് സുനീറയെ തുടർന്നും പഠിപ്പിച്ചു. ടി.ടി.സിയും ബി.എഡും പി ജി യുമൊക്കെ കഴിഞ്ഞ് അവർ ഇന്ന് പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയാണ്.
@ മറക്കാനാവില്ല കാർഗിൽ, നാഗാലാൻഡ്
നാഗാലാൻഡിലെ ഡ്യൂട്ടിക്കാലത്ത് തീവ്രവാദി സംഘവുമായുണ്ടായ ഏറ്റുമുട്ടൽ മറക്കാനാവില്ല. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പഴയ സിനിമാ തീയേറ്റർ പരിശോധിക്കാൻ പെട്ടെന്നൊരു നാൾ പുലർച്ചെ ഡ്യൂട്ടിയ്ക്കിടെ നിർദ്ദേശം ലഭിക്കുകയായിരുന്നു. സാധാരണ നിർദ്ദേശം പോലെ കണ്ട് അകത്തേക്ക് കടക്കാൻ നോക്കിയതും വെല്ലുവിളി തിരിച്ചറിഞ്ഞു. അപായപ്പെടുത്താനുള്ള തീവ്രവാദി സംഘത്തിന്റെ നീക്കത്തിൽ തീയുടെ ആളലിൽ പെട്ടെന്ന് തെറിച്ച് തറയിൽ വീണു. പൊടുന്നനെ വിവരം കൈമാറിയതോടെ കൂടുതൽ സൈനികരെത്തി. തീവ്രവാദികളുടെ വൻസംഘമായിരുന്നു അന്ന് അവിടെ പരിശീലനം നടത്തിയിരുന്നത്. അവരെ വീഴ്ത്താൻ കഴിഞ്ഞു. ഇതിന് പിന്നാലെ കാർഗിൽ യുദ്ധത്തിലും പങ്കെടുത്തു. അവിടത്തെ ദിവസങ്ങളുടെ ഓർമ്മകളും മായില്ല.കുടുംബമൊന്നിച്ച് ഡൽഹി - ഡെറാഡൂൺ യാത്രയ്ക്കിടെ ട്രെയിൻ അപകടത്തിൽ പെട്ടതും ഇന്നലെയെന്ന പോലെ തെളിഞ്ഞുവരുന്നു. എല്ലാം മറന്ന് രക്ഷാപ്രവർത്തകനായി മാറി. കുറേയേറെ പേരെ രക്ഷിക്കാൻ കഴിഞ്ഞു.
@ വഴിത്തിരിവിന്റെ കാലം
സൈന്യത്തിൽ നിന്നു വിരമിച്ചത് 2001-ലാണ്. വെറുതെയിരിക്കുക എന്നത് ആലോചിക്കാനേ കഴിയില്ലെന്നതു കൊണ്ടു തന്നെ അടുത്ത യാത്ര നേരെ ഗൾഫിലേക്ക്. അവിടെയൊരു കമ്പനിയിൽ ജോലിയായി. താമസസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വില കുറഞ്ഞ് സാധനങ്ങൾ ലഭിക്കുന്നിടത്ത് നിന്ന് വാങ്ങിയുള്ള വില്പനയ്ക്കു തുടക്കമിട്ടു. ട്രാവൽ സർവീസ് ഇടപാടുകൾ തുടങ്ങിയതോടെ വാഹനങ്ങളും പണിക്കാരുമൊക്കെയായി. ഇതിനിടെ ജോലിയിൽ മദീനയിലേക്ക് സ്ഥലംമാറ്റം. അതോടെ സമാന്തരമായി നടന്നുവന്ന ബിസിനസ് പാടെ തളർന്നു. പ്രവാസം മടുത്തപ്പോൾ തിരിച്ച് നാട്ടിലേക്ക്. ഇനി എന്തെങ്കിലുംസ്വന്തമായി തുടങ്ങണമെന്ന സ്വപ്നവുമായിരുന്നു അത്.
@തുടക്കം തടിത്തരവുമായി
സൈന്യത്തിലായിരുന്നപ്പോൾ തന്നെ മര വ്യാപാരിയായ ഇക്കാക്കയ്ക്ക് വേണ്ടി മഹാരാഷ്ട്രയിൽ നിന്നൊക്കെ മരം എത്തിച്ചുകൊടുക്കാൻ സഹായിച്ചിരുന്നു. എന്നാൽ പിന്നെ ആ മേഖലയിൽ തന്നെ ഇറങ്ങിയേക്കാം എന്ന ചിന്തയായി. 2010 -ൽ വള്ളിക്കുന്നിലായിരുന്നു ആദ്യത്തെ സ്ഥാപനം. കട്ടിളയും ജനലും മറ്റുമുണ്ടാക്കി വിൽക്കുന്ന ഏർപ്പാടായിരുന്നു. പതിയെ ബിസിനസ് വിപുലീകരിച്ചു. ഇതിനിടയ്ക്ക് പതിനഞ്ചോളം വീടുകളും നിർമ്മിച്ച് വില്പന നടത്തി. കാലത്തിനനുസരിച്ച് മാറണമെന്ന് തോന്നിയതോടെ ഫർണിച്ചർ നിർമ്മാണ രംഗത്തേക്കും കടക്കുകയായിരുന്നു. ഇന്നിപ്പോൾ വ്യാപാരി സംഘടനയുടെ ഭാരവാഹിത്വവുമുണ്ട്. പത്ത് വർഷത്തിനിടെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ കൂട്ടായ്മയിൽ നിന്ന് കാര്യമായ പ്രചോദനം ലഭിച്ചിരുന്നു.ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ് ബഷീർ. 2018 ലെ പ്രളയകാലത്ത് വയനാട്ടിലും ആലപ്പുഴയിലും റസിഡൻറ്സ് അസോസിയേഷൻ സഹകരണത്തോടെ സഹായം എത്തിച്ചിരുന്നു. വീട് നഷ്ടപ്പെട്ടവർ, രോഗികൾ എന്നിവരെയും സഹായിക്കാറുണ്ട്.
@ കുടുംബം
മൂന്ന് മക്കളാണ് ബഷീർ - സുനീറ (അദ്ധ്യാപിക ജി.എച്ച്.എസ്.എസ് പെരുവള്ളൂർ ) ദമ്പതികൾക്ക്. മൂത്ത മകൻ റോഷൻ ഷബീറിന് ആഫ്രിക്കയിലെ റുവാണ്ടയിൽ ബിസിനസാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഷഹബാസ്, സ്കൂൾ വിദ്യാർത്ഥിയായ ഷബീബ് മുനവർ എന്നിവരാണ് മറ്റു രണ്ടു പേർ.റോഷന്റെ ഭാര്യ ഒളവണ്ണ പുളിക്കൽ മുക്കത്ത് സലീമിന്റെ മകൾ ഷെസ്ലി.