കൊയിലാണ്ടി: ഇലക്ട്രിക് ലൈനിലുണ്ടായ അമിത വൈദ്യുതി പ്രവാഹം പെരുവട്ടൂർ ഈസ്റ്റ് അറുവയൽ ഭാഗങ്ങളിലെ വീട്ടുകാർക്കുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. പല വീടുകളിലെയും ഫ്രിഡ്ജ്, ടി.വി, റേഡിയോ, ഇൻഡക്ഷൻ കുക്കർ, മിക്‌സി, ഫാൻ, ബൾബ് , ട്യൂബ്, മൊബൈൽ, ലാപ്‌ടോപ് ചാർജറുകൾ എന്നിവ പൂർണ്ണമായും കേടായി. ചെക്കോട്ടി ബസാർ പരിസരത്ത് സ്ഥാപിച്ച ട്രാൻസ്‌ഫോമറിലെ തകരാറാണ് അമിത വൈദ്യുതി പ്രവാഹത്തിന് കാരണമായതെന്ന് കെ.എസ്.ഇ ബി അധികൃതർ പറഞ്ഞു. അതെസമയം നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ ശേഖരിച്ചു വരികയാണെന്ന് ഏകത റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കൊവിഡ് കാലത്ത് പഠനം ഓൺലൈനിലായ വിദ്യാർത്ഥികൾക്ക് ടെലിവിഷനും മറ്റും കേടായത് തിരിച്ചടിയായി.കെ.എസ്.ഇ ബിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്കെതിരെ ഹർജി തയ്യാറാക്കി നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ്

പ്രദേശവാസികൾ.