നാദാപുരം: പയന്തോങ്ങ് പ്രൈമറി ഹെൽത്ത് സെന്ററിനടുത്ത് ഇന്നോവ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു. ഇരു വാഹനത്തിലുമുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയോടെയാണ് അപകടം. പയന്തോങ്ങിലെ മാർബിൾ കടയിൽ നിന്നു വീട്ടാവശ്യത്തിനുള്ള മാർബിൾ കയറ്റി ചേലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ മറിയുകയാണുണ്ടായത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നോവ കാറിന്റെ ഒരു ഭാഗം തകർന്നു. ലോറിയിൽ ഉണ്ടായിരുന്ന മാർബിൾ മുഴുവൻ റോഡിൽ വീണ് പൊട്ടിച്ചിതറി.

നാദാപുരം പൊലീസും ഫയർഫോഴ്സ് യൂണിറ്റും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഏറെ നേരം പണിപ്പെട്ടാണ് ഗതാഗതതടസ്സം നീക്കിയത്. റോഡിൽ പരന്നൊഴുകിയ ഓയിലും ഡീസലും ഫയർഫോഴ്സുകാർ കഴുകി വൃത്തിയാക്കി.