കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപന പദ്ധതിയുടെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. രാമനാട്ടുകര, ഫറോക്ക് നഗരസഭകളുടെയും കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് യോഗം വിലയിരുത്തി. പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് എം.എൽ.എയ്ക്ക് റിപ്പോർട്ട് നൽകാൻ ഹരിത കേരളം മിഷനെ ചുമതലപ്പെടുത്തി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു. മണലിൽ മോഹനൻ, ബാബു പറമ്പത്ത് എന്നിവർ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശുചിത്വമിഷൻ പ്രൊജക്ടുകൾ സംബന്ധിച്ച സംശയങ്ങൾക്ക് ശുചിത്വമിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് സി.കെ.രശ്മി മറുപടി പറഞ്ഞു. എം.എൽ.എ ഓഫീസിൽ നടന്ന യോഗത്തിൽ രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്‌സൺ കമറു ലൈല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺമാർ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ പി.പ്രിയ, കെ.ഷിബിൻ ഹരിതകർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 15 നാണ് ശുചിത്വ പദവി പ്രഖ്യാപനം.