കോഴിക്കോട്: എലത്തൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെയും കോർപ്പറേഷൻ പരിധിയിലെയും റോഡുകളുടെ നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ കാലവർഷത്തിൽ ഗതാഗത യോഗ്യമല്ലാതായി തീർന്ന റോഡുകളുടെ അടിയന്തര പുനരുദ്ധാരണ പ്രവർത്തികൾക്കാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലുൾപ്പെടുത്തി തുക അനുവദിച്ചത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുരുവട്ടൂർ പഞ്ചായത്തിലെ പൂളക്കടവ്- പറമ്പിൽ കടവ് റോഡ് (10 ലക്ഷം), തലക്കുളത്തൂർ പഞ്ചായത്തിലെ കൊഞ്ഞനാകുഴി-താഴംകുറ്റിക്കാട്ടിൽ താഴം റോഡ് (എട്ട് ലക്ഷം), കോഴിക്കോട് കോർപ്പറേഷനിലെ എരഞ്ഞിക്കൽ മേടയിൽ റോഡ് (എട്ട് ലക്ഷം), കാക്കൂർ പഞ്ചായത്തിലെ ചെറുകണ്ടി-കള്ളക്കണ്ടി റോഡ് (ആറ് ലക്ഷം), ചേളന്നൂർ പഞ്ചായത്തിലെ ചാടിക്കുഴിതാഴം-നെല്ലിയാഴത്ത് താഴം മണ്ണാങ്കണ്ടിതാഴം റോഡ് (എട്ട് ലക്ഷം), കക്കോടി പഞ്ചായത്തിലെ കാമ്പ്രക്കുന്ന് പീച്ചിങ്ങാളി റോഡ് (ആറ് ലക്ഷം), നന്മണ്ട പഞ്ചായത്തിലെ പുതിയോട്ടിൽ കുട്ടല്ലൂർ അമ്പലം കെ.കെ ആശുപത്രി റോഡ് (എട്ട് ലക്ഷം), തലക്കുളത്തൂർ പഞ്ചായത്തിലെ പെരൂളിത്താഴം സബ്ബ് സെന്റർ റോഡ് (ഏഴ് ലക്ഷം), കോഴിക്കോട് കോർപ്പറേഷനിലെ മേത്തലാടത്ത്താഴം റോഡ് (ഏഴ് ലക്ഷം), ചേളന്നൂർ പഞ്ചായത്തിലെ പള്ളിപ്പൊയിൽ റോഡ് (ഏഴ് ലക്ഷം), കുരുവട്ടൂർ പഞ്ചായത്തിലെ അമ്പാച്ചാലിൽ കായക്കാളിത്താഴം റോഡ് (ഏഴ് ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.