ആറ് പേർക്ക് പരിക്ക്
കോഴിക്കോട്: ചാലിയം ഹാർബറിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം. ഞായറാഴ്ചകളിൽ കടലിൽ പോകുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. തൊഴിലാളികൾ കൈയ്യാങ്കളി തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. ആറുപേർക്ക് പരിക്കേറ്റു. തൈക്കടപ്പുറത്ത് സിദ്ദീഖ്(45), കൈതവളപ്പിൽ സലിം (30), കെ.വി.ജൈസൽ (38), വടക്കകത്ത് അലിമോൻ (35), ഷാഫി ചെറിയകത്ത്(48), തൈകടപുറത്ത് സൈതലവി (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ചകളിൽ ചാലിയത്ത് മത്സ്യം വാങ്ങാൻ ജില്ലയ്ക്ക് പുറത്തു നിന്നടക്കം നിരവധി പേരെത്താറുണ്ട്. കൊവിഡ് നിയന്ത്രണം ലംഘിച്ച് മത്സ്യം വാങ്ങാനെത്തുന്നവർ തടിച്ചു കൂടുന്നത് പ്രദേശത്ത് രോഗ ഭീതി പടർത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഞായറാഴ്ച മത്സ്യബന്ധനത്തിന് പോകരുതെന്ന് ഒരു വിഭാഗം തൊഴിലാളികൾ തീരുമാനിച്ചത്. എന്നാൽ ചിലർ മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
സഘർഷ സാദ്ധ്യത മുന്നിൽ കണ്ട് പുലർച്ചെ തന്നെ പൊലീസ് ഹാർബറിൽ നിലയുറിപ്പിച്ചിരുന്നു. കടലിൽ പോകണമെന്ന നിലപാടെടുത്തവർക്കെതിരെ പ്രതിഷേധവുമായി നൂറ് കണക്കിനു പേരാണ് സംഘടിച്ചത്. തൊഴിലാളികളോട് പിരിഞ്ഞു പോവാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.